20-Nov-2019 (Wed)
 
 
 
 
‍കോഴിക്കട മാലിന്യം നാടുനീളെ വലിച്ചെറിഞ്ഞ് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം
   
vps
30-Oct-2019
 

താമരശ്ശേരി: താമരശ്ശേരി മേഖലയില്‍ നാടുനീളെ കോഴിക്കട മാലിന്യം വലിച്ചെറിഞ്ഞ് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. കൊയിലാണ്ടിഎടവണ്ണ സംസ്ഥാന പാതയില്‍ പൂനൂര്‍ മുതല്‍ തച്ചംപൊയില്‍ വരെയും തച്ചംപൊയില്‍ മുതല്‍ വാടിക്കല്‍ വഴി എളേറ്റില്‍ വട്ടോളി വരെയുമാണ് ചാക്കുകണക്കായ കോഴി മാലിന്യം തള്ളിയത്. കോഴിക്കടകളില്‍ നിന്ന് ചാക്കുകളില്‍ ശേഖരിച്ച മാലിന്യം വാഹനത്തില്‍ എത്തിച്ച് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. രൂക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിസര വാസികള്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം കണ്ടെത്തിയത്. ഇതിനകം വാഹനങ്ങള്‍ കയറിയിറങ്ങി ചാക്കുകളിലെ മാലിന്യം റോഡില്‍ പരന്നിരുന്നു. പൂനൂര്‍, ചീനിമുക്ക്, അവേലം, തച്ചംപൊയില്‍, പള്ളിപ്പുറം, ഈര്‍പ്പോണ, കത്തറമ്മല്‍ ഭാഗങ്ങളിലെല്ലാം രൂക്ഷമായ ദുര്‍ഗന്ധം കാരണം ആളുകള്‍ക്ക് പുറത്തിറങ്ങാനോ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയാണ്.

 

താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ ശുചീകരണ തൊഴിലാളികളെത്തി നീക്കം ചെയ്തു. എന്നാല്‍ മാലിന്യം റോഡില്‍ പരന്നതിനാല്‍ ദുര്‍ഗന്ധം തുടരുകയാണ്. ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വാഹനം സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വാവാട് സ്വദേശിയുടെ വാഹനത്തിലാണ് മാലിന്യം എത്തിച്ചതെന്നാണ് സൂചന. താമരശ്ശേരി കേന്ദ്രീകരിച്ച് കോഴിമാലിന്യം ശേഖരിക്കുന്നയാള്‍ക്കാണ് വാഹനം നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ താമരശ്ശേരി ഡി വൈ എസ് പി ക്ക് പരാതി നല്‍കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies