27-Jan-2020 (Mon)
 
 
 
 
‍കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡിന്റെ സൈക്കിള്‍ യജ്ഞത്തിന് തുടക്കമായി
   
vps
02-Nov-2019
 

കോഴിക്കോട്: കേരളപ്പിറവിയുടെ അറുപത്തിമൂന്നാം വാര്‍ഷികത്തിന് ആദരമര്‍പ്പിച്ച് എന്‍ എസ് എസ്, സൈക്കിള്‍ ബ്രിഗേഡ് വളണ്ടിയര്‍മാര്‍ മാനാഞ്ചിറ മൈതാനിയില്‍ കേരളത്തിന്റെ പ്രതീകാത്മക ചിത്രം തീര്‍ത്തു. ഹരിത സൗഹൃദ നവകേരളനിര്‍മാണത്തിനായി സൈക്കിള്‍ യജ്ഞം എന്ന സന്ദേശവുമായി 63 സൈക്കിളുകള്‍ കൊണ്ട് തീര്‍ത്ത കേരളത്തിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്താന്‍ എ കെ പി എ കോഴിക്കോട് നോര്‍ത്ത് മേഖലയിലെ 63 ഫോട്ടോ ആക്ടീവിസ്റ്റുകളുമെത്തി. കേരളപ്പിറവിയുടെ അറുപത്തിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 63 ദിന സൈക്കിള്‍ യജ്ഞത്തിന് തുടക്കം കുറിച്ച കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാകലക്ടര്‍ സാംബശിവ റാവു, കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ മീരദര്‍ശക് തുടങ്ങിയവര്‍ ചേര്‍ന്ന് സൈക്കിള്‍ യജ്ഞത്തിന് തുടക്കം കുറിച്ചു. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നവകേരള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഘട്ടം എന്ന നിലയില്‍ ഈ വര്‍ഷത്തെ കേരളപ്പിറവിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ആമുഖ പ്രസംഗം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. സാമൂഹ്യ സേവനരംഗത്തും പരിസ്ഥിതി വിഷയങ്ങളിലും പ്രതിബദ്ധതയോടെ ഇടപെടുന്ന മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നല്ല തലമുറ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് സൈക്കിള്‍ ബ്രിഗേഡ് പോലുളള പരിപാടികള്‍ ആവിഷ്്ക്കരിച്ച് നടപ്പാക്കുന്നത്. വാഹന ഉപയോഗം പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന തിരിച്ചറിവില്‍ നിന്ന് പുതിയ തലമുറയെ സൈക്കിള്‍ ഉപയോഗിക്കുന്നതിലേക്ക് തിരിച്ചെത്തിക്കാനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാടിന്റെ എല്ലാവിധ പ്രശ്നങ്ങളിലും സേവനസന്നദ്ധരായി പ്രവര്‍ത്തിക്കാന്‍ യുവജനതയെ പ്രാപ്തരാക്കും. ഇതിനായി എന്‍ എസ് എസ് വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി 1000 പേരടങ്ങുന്ന റസ്‌ക്യൂ ടീം ജില്ലയില്‍ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കൊയിലാണ്ടിയില്‍ നിന്ന് സൈക്കിളുമായി എത്തിയ എം സി സി ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആഷില്‍ പ്രകാശിനെ ചടങ്ങില്‍ അനുമോദിച്ചു.

 

ജില്ലാ ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ്, ഗ്രീന്‍ കെയര്‍ മിഷന്‍, ഗ്രാന്‍ഡ് സൈക്കിള്‍ ചലഞ്ച് എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും സന്നദ്ധരായ, കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ഹരിതകേരള മിഷന്‍, ആസ്റ്റര്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ സഹകരണവും പരിപാടിക്ക് ഉണ്ടാകും. 63 ദിവസങ്ങളിലായി ജില്ലയിലെ ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ശുചീകരണം ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ചടങ്ങില്‍ ജെ സി ഐ സോണല്‍ 21 ന്റെ ഗോ ഗ്രീന്‍ ട്രീ ചലഞ്ചിന്റെ ഭാഗമായി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്ക് മാവിന്‍ തൈകള്‍ വിതരണം ചെയ്തു. കൊച്ചിന്‍ ബേക്കറി ഒരുക്കിയ ഭീമന്‍ പിറന്നാള്‍ കേക്കും പരിപാടിക്കെത്തിയവര്‍ക്ക് വിതരണം ചെയ്തു. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ ഒ രാജഗോപാല്‍, ഹയര്‍സെക്കന്ററി റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഗോകുലകൃഷ്ണന്‍, കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബോസ് ജേക്കബ്, ഗ്രീന്‍ കെയര്‍ മിഷന്‍ ചെയര്‍മാന്‍ കെ ടി എ നാസര്‍, എന്‍ എസ് എസ് ജില്ലാ കണ്‍വീനര്‍ എസ് ശ്രീജിത്ത്, സിറ്റി ക്ലസ്റ്റര്‍ കണ്‍വീനര്‍ എം കെ ഫൈസല്‍, കെ എം റഫീഖ്, ഗ്രാന്റ് സൈക്കിള്‍ കോര്‍ഡിനേറ്റര്‍ സാഹിര്‍ അബ്ദുള്‍ ജബ്ബാര്‍, ആസ്റ്റര്‍ മിംസ് സി ഒ ഒ. സമീര്‍ പി ടി, ആസില്‍ സൈക്കിള്‍ ട്രേഡേഴ്സ് എം ഡി ഷഫീഖ്, കൊച്ചിന്‍ ബേക്കറി എം ഡി. രമേഷ്, സ്‌കൂള്‍ ഓഫ് ഫോട്ടോഗ്രഫി ഡയറക്ടര്‍ ജ്യോതിഷ്‌കുമാര്‍, ജെ സി ഐ ഗോഗ്രീന്‍ ഇസഡ് എ ഹുസൈന്‍ സി തുടങ്ങിയവര്‍ എന്നിവര്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies