20-Nov-2019 (Wed)
 
 
 
 
‍കൂടത്തായി കൂട്ടക്കൊല: ജോളിയെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു
   
vps
02-Nov-2019
 

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ഒന്നര വയസ്സായ മകള്‍ ആല്‍ഫൈനെ കൊന്ന കേസിലാണ് നാളെ വൈകിട്ട് 4 മണി വരെ ജോളിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവായത്. നേരത്തെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും 4 ദിവസമായിരുന്നു കോടതി അനുവദിച്ചത്. കസ്റ്റഡി കാലാവധി കഴിയുന്ന വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ കോടതിയില്‍ ഹാജറാക്കിയപ്പോഴാണ് വീണ്ടും 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്‍ ഐ ടി യിലെ പ്രൊഫസറാണെന്ന വ്യാജേനെയാണ് ജോളി പ്രവര്‍ത്തിച്ചതെന്നും ഇതുസംബന്ധിച്ച തെളിവുകള്‍ ശേഖരിക്കുന്നതിന്നായി എന്‍ ഐ ടി യില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവ് ശേഖരിക്കണമെന്നുമായിരുന്നു പോലീസ് കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടത്. ജോളി നിരവധി ആളുകളുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും ഇവരെ കണ്ടെത്തി മൊഴിയെടുക്കുകയും വേണം. ഇവരില്‍ ആരെങ്കിലും കൊലപാതകങ്ങള്‍ക്ക് സഹായിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്നും പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നുമായിരുന്നു പോലീസിന്റെ ആവശ്യം.

 

എന്നാല്‍ ഒരു സ്ത്രീയെ പോലീസ് ഇത്തരത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ കസ്റ്റഡിയില്‍ വെക്കുന്നത് ശരിയല്ലെന്നായിരുന്നു ജോളിക്ക് വേണ്ടി കോടതി നിയോഗിച്ച അഡ്വ. ഹൈദറിന്റെ വാദം. ആല്‍ഫൈന്‍ വധവും എന്‍ ഐ ടി യും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും ഇനിയും പ്രതിയെ കസ്റ്റഡിയില്‍ വിടരുതെന്നും അഭിഭാഷകന്‍ വാദിച്ചെങ്കിലും പ്രതിയെ ഞായറാഴ്ച വൈകിട്ട് വരെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കുയായിരുന്നു. തുടര്‍ന്ന് ജോളിയെ വീണ്ടും താമരശ്ശേരി ഡി വൈ എസ് പി ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകത്തില്‍ ജോളിയുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കുന്നതിനാല്‍ ജോളിയെ കോടതിയില്‍ ഹാജറാക്കിയേക്കും. അല്ലാത്ത പക്ഷം ഹാജറാക്കാത്തതിന്റെ കാരണം പോലീസ് കോടതിയെ അറിയിക്കണം. ചോദ്യം ചെയ്യല്‍ താമരശ്ശേരിയില്‍ ആയതിനാല്‍ കോടതിയില്‍ ഹാജറാക്കാനാണ് സാധ്യത. ഈ കേസില്‍ നേരത്തെ ജോളിയുടെ വക്കാലത്ത് ഒപ്പിടീച്ചത് അഡ്വ. ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകരായിരുന്നു. എന്നാല്‍ സിലി വധക്കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജറാക്കിയപ്പോള്‍ തനിക്ക് അഭിഭാഷകര്‍ ഇല്ലെന്ന് ജോളി കോടതിയില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് അഡ്വ. ഹൈദറിനെ കോടതി സൗജന്യ നിയമ സഹായത്തിന് നിയോഗിച്ചത്. ഇതോടെ ആളൂര്‍ അസ്സോസിയേറ്റ്‌സ് കേസില്‍ നിന്നും പിന്‍മാറിയിരുന്നു. ഈ സാഹചര്യത്തില്‍ റോയ് തോമസ് കേസിലും അഡ്വ. ഹൈദറിനെ വക്കാലത്ത് ഏല്‍പ്പിക്കാനാണ് സാധ്യത.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies