07-Dec-2019 (Sat)
 
 
 
 
‍മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി
   
vps
04-Nov-2019
 

പുല്‍പറമ്പ്: കൃഷി വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനായി മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായര്‍ കുഴിയില്‍ ജലസേചന വകുപ്പ് നിര്‍മ്മിച്ച ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസേചന പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. കേരളത്തില്‍ 23 ലക്ഷം ഹെക്ടര്‍ കൃഷിയുണ്ടെങ്കിലും ഏകദേശം 2 ലക്ഷം ഹെക്ടര്‍ കൃഷിക്ക് മാത്രമേ നന ലഭിയ്ക്കുന്നുള്ളൂ. കേരളത്തില്‍ തെങ്ങും കുരുമുളകും മറ്റും നനക്കുന്ന പതിവ് ഇല്ല. നനക്കാതെ 60 തേങ്ങ കിട്ടുന്ന തെങ്ങില്‍ നിന്ന് നനച്ചാല്‍ 150 മുതല്‍ 200 വരെ തേങ്ങ കിട്ടും. നനയില്ലെങ്കില്‍ രണ്ട് കിലോ കിട്ടുന്ന കുരുമുളക് നനച്ചാല്‍ ആറ് കിലോ കിട്ടും. എന്നാല്‍ ഇക്കാര്യം നമ്മള്‍ ശ്രദ്ധിക്കുന്നില്ല. കൃഷിയില്‍ നിന്ന് നല്ല വരുമാനം ഉണ്ടാക്കുന്നതിന് ശാസ്ത്രീയ രീതിയിലുള്ള കൃഷി പ്രോത്സാഹിപ്പിക്കണം. ഇതു വഴി ഉത്പാദനം മൂന്നിരട്ടി വര്‍ധിപ്പിക്കാനാകും. അശാസ്ത്രീയ രീതിയില്‍ കൃഷി ചെയ്യുന്നത് കൊണ്ടാണ് ഈ മേഖലയില്‍ നമുക്ക് വലിയ പുരോഗതി കൈവരിക്കാനാകാത്തതെന്ന് മന്ത്രി പറഞ്ഞു. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത് ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നതിന് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ഇതിന് 30 ശതമാനം കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭ്യമാകും. കുന്നമംഗലം നിയോജക മണ്ഡലത്തിലെ മാവൂര്‍, ചാത്തമംഗലം പഞ്ചായത്തുകള്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഈ പഞ്ചായത്തുകളില്‍ കൂളിമാട് പമ്പിങ് സ്റ്റേഷനില്‍നിന്നും ശുദ്ധജലം ലഭ്യമാക്കുന്നതിന് വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടി ഉണ്ടാകുമെന്ന് മന്ത്രി ചടങ്ങില്‍ അറിയിച്ചു.

 

പി ടി എ റഹീം എം എല്‍ എ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായര്‍കുഴി, ചൂലൂര്‍ പ്രദേശങ്ങളിലെ 96 ഹെക്ടറോളം വരുന്ന വയല്‍ പ്രദേശം അടക്കം 127.12 ഹെക്ടര്‍ കൃഷിഭൂമിയിലെ കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് 2.03 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ നായര്‍കുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലൂടെ സാധിക്കും. പദ്ധതി പൂര്‍ത്തിയായതോടെ വേനല്‍ക്കാലങ്ങളില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന ഈ പ്രദേശത്തെ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ക്കുള്ള ശാശ്വത പരിഹാരമായി. വെള്ളപ്പൊക്ക സമയത്ത് മോട്ടറുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി 5.3 മീറ്റര്‍ ഉയരത്തില്‍ ആര്‍ സി സി ലാബുകളും പമ്പ് ഹൗസിനകത്ത് പണിതിട്ടുണ്ട്. മുക്കം നഗരസഭ ചെയര്‍മാന്‍ വി കുഞ്ഞന്‍ മാസ്റ്റര്‍, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബീന, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എ രമേശന്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എ കെ ടി ചന്ദ്രന്‍, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്‌സണ്‍ ഷീജ വലിയതൊടികയില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി സുകുമാരന്‍, എം പി കമല, ലിനി ചോലക്കല്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി രാജീവ്, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാജി ചന്ദ്രന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിഗ് എഞ്ചിനീയര്‍ കെ പി രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies