20-Nov-2019 (Wed)
 
 
 
 
‍പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍ നിര്‍മ്മിക്കാത്തതില്‍ ഓട്ടോ ജീവനക്കാരുടെ വേറിട്ട പ്രതിഷേധം
   
vps
07-Nov-2019
 

അടിവാരം: പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍ നിര്‍മ്മിക്കാത്തതില്‍ ഓട്ടോ ജീവനക്കാരുടെ വേറിട്ട പ്രതിഷേധം. കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് പുതുപ്പാടി കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടിപാലം തകര്‍ന്നു വീണത്. മലവെള്ളപ്പാച്ചിലില്‍ പാലത്തിന്റെ പകുതി ഭാഗം പൊട്ടി വീഴുകയായിരുന്നു. പഴയ പാലം പൊളിച്ചുമാറ്റി പുതിയ പാലം നിര്‍മിക്കാന്‍ ജോര്‍ജ് എം തോമസ് എം എല്‍ എ യുടെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പാലം തകര്‍ന്നത്. ദേശീയപാതയിലെ അടിവാരത്ത് നിന്നും നൂറാംതോട്, ചെമ്പുകടവ്, വട്ടച്ചിറ, തുഷാരഗിരി പ്രദേശങ്ങളിലേക്കുള്ള റോഡിലെ യാത്ര ഇതോടെ പൂര്‍ണ്ണമായും മുടങ്ങി. ഇതിന് പരിഹാരമായി താല്‍ക്കാലിക പാലം നിര്‍മ്മിക്കാന്‍ പത്ത് ലക്ഷം രൂപ അനുവദിക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ അവസാന ഘട്ട പ്രവൃത്തി നടക്കവെ ഒക്ടോബര്‍ 18 ന് ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ താല്‍ക്കാലിക പാലവും ഒലിച്ചു പോയി. കോടഞ്ചേരി പഞ്ചായത്ത് മിനാര്‍ ടി എം ടി കമ്പനിയുടെ സഹകരണത്തോടെ നിര്‍മ്മിച്ച് നലികിയ ഇരുചക്ര വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും കടന്നു പോകാവുന്ന ഇരുമ്പ്പാലം മാത്രമാണ് ഇപ്പോഴുള്ളത്. പാതി വഴിയില്‍ നിലച്ച താല്‍കാലിക പാലത്തിന്റെ പ്രവൃത്തി പുനരാരംഭിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഒരു ദിവസത്തെ ട്രിപ്പ് മുടക്കി ഓട്ടോ ജീവനക്കാര്‍ രംഗത്തെത്തി. പാലം തകര്‍ന്നതോടെ അവരുടെ അതിജീവന മാര്‍ഗ്ഗം കൂടിയാണ് ഇല്ലാതായത്. ഓട്ടോക്ക് പോകാനെങ്കിലും സാധ്യമാകുന്ന രീതിയില്‍ പാലം പുനര്‍ നിര്‍മ്മിക്കാനുള്ള ജോലി അടിവാരത്തെ ഓട്ടോ ജീവനക്കാര്‍ സ്വയം ഏറ്റെടുത്ത് പൂര്‍ത്തിയാക്കി. പോത്തുണ്ടി പാലത്തിലൂടെ ഓട്ടോ ഗതാഗതം പുനഃസ്ഥാപിച്ചത് നൂറാംതോട്, വട്ടച്ചിറ, തുഷാരഗിരി പ്രദേശവാസികള്‍ക്ക് ഏറെ ആശ്വാസമായി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies