07-Dec-2019 (Sat)
 
 
 
 
‍പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കൂടു കൂട്ടി മുട്ടവിരിയിക്കാനായി വിരുന്നെത്തുന്നത് നിരവധി കിളികള്‍
   
vps
09-Nov-2019
 

താമരശ്ശേരി: ചമലിലെ ഇന്ദ്രപ്രസ്ഥം എന്ന വീട്ടില്‍ വര്‍ഷങ്ങളായി നിരവധി കിളികളാണ് കൂടു കൂട്ടി മുട്ടവിരിയിക്കാനായി വിരുന്നെത്തുന്നത്. കട്ടിപ്പാറ ചമല്‍ സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ അമൃത് സാഗറിന്റെ വീടാണ് ഈ ഇന്ദ്രപ്രസ്ഥം. വീടിന്റെ മുന്‍ഭാഗത്ത് മാത്രമല്ല ചുറ്റിലും വീടിനുള്ളിലും നിരവധി ചെടികളും ചെറിയ കൊട്ടകളും കാണാം. ഇതെല്ലാം ഇവര്‍ ഇവിടെ സ്ഥാപിച്ചത് കിളികള്‍ക്ക് കൂടു കൂട്ടാനാണ്. പതിനഞ്ച് വര്‍ഷത്തോളമായി വിവിധയിനം കിളികളാണ് ഇന്ദ്രപ്രസ്ഥം തേടിയെത്തുന്നത്. ആദ്യം വീടിനു പുറത്തെ ചെടികളിലും ലൈറ്റിനു മുകളിലുമായിരുന്നു ഇവര്‍ കൂടൊരുക്കിയിരുന്നത്. ക്രമേണ ഇവര്‍ വീടിനുള്ളിലേക്ക് ചേക്കേറി. കിടപ്പു മുറുയില്‍ പോലും ഇവര്‍ ആധിപത്യം സ്ഥാപിച്ചു. ആണ്‍കിളിയും പെണ്‍കിളിയുമെത്തിയാണ് കൂടു നിര്‍മിക്കുന്നത്. പിന്നെ പെണ്‍കിളി മുട്ടയിട്ട് അടയിരിക്കും.

 

ആണ്‍കിളി തീറ്റ തേടി പോവും. കുഞ്ഞുങ്ങള്‍ വിരിഞ്ഞാല്‍ ആണ്‍കിളിയും പെണ്‍കിളിയും പറന്നു പോവും. പിന്നെ തീറ്റയുമായി തിരിച്ചെത്തും. കുഞ്ഞുങ്ങള്‍ പറക്കാന്‍ പ്രായമാവുമ്പോള്‍ അവരേയും കൂട്ടി പറന്ന് പോവും. ഇത്തവണ കിളികള്‍ കൂടുകൂട്ടിയത് അടുക്കളയിലാണ്. അതും അടുപ്പിന്റെ നേരെ. വാഴക്കുല പഴുക്കാനായി തൂക്കിയിട്ട കയറാണ് കൂടു കെട്ടാന്‍ തെരഞ്ഞെടുത്തത്. മൂന്നുമാസത്തോളം ഇവര്‍ വീട്ടില്‍ തങ്ങുമെങ്കിലും യാതൊരു മാലിന്യവും ഇവിടെ കണ്ടെത്താറില്ല. അടുക്കളയില്‍ ആള്‍പെരുമാറ്റമുള്ളപ്പോഴും കിളികള്‍ പാറിക്കളിക്കും. ലോക്കല്‍ പോലീസിലും പിന്നീട് ക്രൈം ബ്രാഞ്ചിലുമായിരുന്ന അമൃത് സാഗര്‍ ഇപ്പോള്‍ കോഴിക്കോട് വിജിലന്‍സിലാണ്. സുരക്ഷിതമായി കൂടുകൂട്ടാനും കുഞ്ഞുങ്ങളെ വിരിയിക്കാനും പോലീസ് ഉദ്യോഗസ്ഥന്റെ വീടാണ് നല്ലതെന്ന് കിളികള്‍ മനസ്സിലാക്കിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies