13-Dec-2019 (Fri)
 
 
 
 
‍തൊട്ടില്‍പാലം പോലീസ് പിടികൂടിയ കോഴിമാലിന്യം താമരശ്ശേരി പോലീസിനെ പൊല്ലാപ്പിലാക്കി
   
vps
13-Nov-2019
 

താമരശ്ശേരി: തൊട്ടില്‍പാലം പോലീസ് പിടികൂടിയ കോഴിമാലിന്യം താമരശ്ശേരി പോലീസിനെ പൊല്ലാപ്പിലാക്കി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തൊട്ടില്‍പാലത്ത് നിന്നും മാലിന്യം താമരശ്ശേരിയിലെത്തിച്ചതാണ് പോലീസിനും നാട്ടുകാര്‍ക്കും വിനയായത്. മാലിന്യം കയറ്റിയ വാഹനം താമരശ്ശേരി ഡി വൈ എസ് പി ഓഫീസിന് മുന്നിലെത്തിച്ചതോടെ ദുര്‍ഗന്ധം താമരശ്ശേരിയിലാകെ പരന്നു. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നുള്ള കോഴിമാലിന്യം തൊട്ടില്‍പാലത്ത് സ്വകാര്യ ഭൂമിയില്‍ നിക്ഷേപിക്കാന്‍ എത്തിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വാഹനം നാട്ടുകാര്‍ തല്ലി തകര്‍ക്കുകയും മാലിന്യം എത്തിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇടപെട്ട് മാലിന്യം തിരിച്ചുകൊണ്ടുപോവാന്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്നായി പോലീസ് ഒരു വാഹനവും ഏര്‍പ്പാടാക്കി കൊടുത്തു. തൊട്ടില്‍പാലം സ്വദേശിയായ ഏജന്റ് ഈ വാഹനവുമായി നേര എത്തിയത് താമരശ്ശേരിയിലെ മഞ്ചു ചിക്കന്‍ സ്റ്റാള്‍ ഉടമയും കോഴിമാലിന്യം ശേഖരിക്കുന്നയാളുമായ റഫീഖിന്റെ പുതുപ്പാടി എലോക്കരയിലെ വീട്ടിലേക്കാണ്. ഇതോടെ റഫീഖ് വിവരം പോലീസില്‍ അറിയിച്ചു. പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. തുടര്‍ന്ന് പുലര്‍ച്ചെ നാലരയോടെ അടിവാരം പോലീസ് ഔട് പോസ്റ്റില്‍ നിന്ന് എ എസ് ഐ അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി വാഹനം പോലീസ് സ്‌റ്റേഷന് മുമ്പിലെത്തിച്ചു. ഇതോടെ താമരശ്ശേരി പോലീസ് സബ് ഡിവിഷന്‍ ആസ്ഥാനവും ടൗണും ദുര്‍ഗന്ധത്തില്‍ മുങ്ങി. യാത്രക്കാര്‍ ഏറെ ദൂരത്തുനിന്നുപോലും മൂക്കുപൊത്താന്‍ തുടങ്ങി. മഞ്ചു റഫീഖിനെയും മാലിന്യം തൊട്ടില്‍പാലത്ത് എത്തിച്ച ഏജന്റിനെയും പോലീസ് ചോദ്യം ചെയ്തതില്‍ കൊണ്ടോട്ടിയില്‍ നിന്നാണ് മാലിന്യം എത്തിച്ചതെന്ന് വ്യക്തമായി. ഇതോടെ വാഹനം തിരിച്ച് തൊട്ടില്‍ പാലത്തേക്ക് അയക്കാന്‍ നീക്കം നടന്നെങ്കിലും ഫലം കണ്ടില്ല. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സംസ്‌കരിക്കാന്‍ താരുമാനമായതിനെ തുടര്‍ന്ന് ഉച്ചയോടെയാണ് വാഹനം പോലീസ് സ്‌റ്റേഷന് മുമ്പില്‍ നിന്നും നീക്കം ചെയ്തത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies