29-Mar-2020 (Sun)
 
 
 
 
‍ആടിയും പാടിയും ക്രിസ്തുമസ് ആഘോഷിച്ച് കട്ടിപ്പാറയിലെ ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍
   
vps
26-Dec-2019
 

കട്ടിപ്പാറ: കട്ടിപ്പാറയിലെ ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ ആടിയും പാടിയും ക്രിസ്തുമസ് ദിനം ആഘോഷമാക്കി. ഭിന്നശേഷിക്കാര്‍ക്കായി പഞ്ചായത്ത് നടപ്പിലാക്കുന്ന ആയുര്‍വേദ പരിചരണ പരിപാടിയായ കൈത്തിരിയുടെ ഭാഗമായാണ് ആഘോഷം സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്കെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് കൈത്തിരി എന്ന പേരില്‍ പ്രത്യേക പദ്ധതി ആരംഭിച്ചത്. ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കൈത്തിരി പദ്ധതിക്കായി പഞ്ചായത്ത് പ്രത്യേക ഡോക്ടറെ നിയമിക്കുകയും തെറാപ്പി യൂണിറ്റ് ആരംഭിക്കുകയും ചെയ്തു. കട്ടിപ്പാറക്ക് പുറമെ സമീപത്തെ എട്ടോളം പഞ്ചായത്തുകളില്‍ നിന്നുള്ള മുന്നൂറോളം ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്ക് ശാരീരികവും മാനസികവുമായ ഉല്ലാസം നല്‍കുന്നതിന്നായി കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളില്‍ ക്രിസ്തുമസ് ദിനത്തില്‍ നടന്ന പരിപാടിയില്‍ നൂറോളം ഭിന്ന ശേഷിക്കാരും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.

 

ക്രിസ്തുമസ് കേക്ക് മുറിച്ചാണ് പരിപാടികള്‍ ആരംഭിച്ചത്. ഭിന്നശേഷിക്കാരുടെ വിവിധ കലാ പരിപാടികള്‍ക്കൊപ്പം അവര്‍ക്ക് ആവേശം നല്‍കാന്‍ വിവിധ നാടന്‍ കലാ രൂപങ്ങളും അരങ്ങേറി. കട്ടിപ്പാറയിലെ ആശാ വര്‍ക്കര്‍മാര്‍ ഒപ്പനയുമായി കസവുടുത്ത് വേദിയിലെത്തിയത് സദസ്സിന് ആവേശമായി. ഭിന്ന ശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍ ഇത്തരം പരിപാടികള്‍ക്ക് കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ചിത്രരചനയിലും മറ്റു കലാ പരിപാടികളിലും പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ക്രിസ്തുമസ് ആഘോഷം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി അധ്യക്ഷരായ ബേബി ബാബു, മദാരി ജുബൈരിയ, ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. സഫ്‌ന, ഡോ. അഞ്ജന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies