29-Mar-2020 (Sun)
 
 
 
 
‍കൂടത്തായി കൊലപാതക പരമ്പര: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
   
vps
02-Jan-2020
 

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം ക്രൈംബ്രാഞ്ച് താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍കോടതിയില്‍ സമര്‍പ്പിച്ചു. പൊന്നാമറ്റം ടോം മകന്‍ റോയ് തോമസ് വധക്കേസിലാണ് 1800 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആദ്യ അറസ്റ്റിന് വ്യാഴാഴ്ച 90 ദിവസം തികയാനിരിക്കെയാണ് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ കുറ്റപത്രം സമര്‍പ്പിച്ച് പ്രതികളുടെ കുരുക്ക് മുറുക്കിയത്. കൊല്ലപ്പെട്ട റോയ് തോമസിന്റെ ഭാര്യ ജോളി എന്ന ജോളിയമ്മ ജോസഫാണ് കേസിലെ മുഖ്യപ്രതി. റോയിയുടെ അമ്മാവന്റെ മകനും ജ്വല്ലറി ജീവനക്കാരനുമായ കാക്കവയല്‍ മഞ്ചാടിയില്‍ എം എസ് മാത്യു എന്ന ഷാജി(44), സ്വര്‍ണ്ണപണിക്കാരനായ പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പ്രജികുമാര്‍(48), വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട കെട്ടാങ്ങല്‍ സ്വദേശി കെ മനോജ് എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് പ്രതികള്‍. ഇതില്‍ മനോജിനെ വ്യാജ രേഖ ചമക്കാന്‍ സഹായിച്ചതിനായണ് പ്രതിയാക്കിയത്. മറ്റുമൂന്നുപേര്‍ക്കെതിരെയും കൊലപാതകം, ഗൂഡാലോചന എന്നിവ ഉള്‍പ്പെടെയുളള വകുപ്പുകളാണ് ചേര്‍ത്തിയത്. 1800 പേജുള്ള കുറ്റപത്രത്തോടൊപ്പം നാലു പ്രതികള്‍ക്കും നല്‍കാനുള്ള കോപ്പികളും ഉള്‍പ്പെടെ ഒന്‍പതിനായിരത്തോളം പേജുകള്‍ എട്ട് കെട്ടുകളായാണ് ക്രൈംബ്രാഞ്ച് എസ് ഐമാരായ പി പി മോഹനകൃഷ്ണന്‍, വി പി രവി, എ എസ് ഐമാരായ എം പി ശ്യാം, സന്തോഷ് മമ്പാട്ട്, പി പ്രദീപന്‍ എന്നിവര്‍ കോടതിയില്‍ എത്തിച്ചത്.

 

246 സാക്ഷികളും 322 രേഖകളും 22 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ ഹാജറാക്കിയത്. സാക്ഷികളില്‍ 26 പേര്‍ ഉദ്യോഗസ്ഥരാണ്. പൊന്നാമറ്റം കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാനും പരപുരുഷ ബന്ധം ചോദ്യം ചെയ്തതിലുള്ള വിരോധവുമാണ് ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. റോയിയുടെ മദ്യപാനവും ജോളിയെ അലോസരപ്പെടുത്തിയിരുന്നു. വെള്ളത്തിലും കടല കറിയിലും സയനൈഡ് ചേര്‍ത്താണ് റോയിയെ കൊലപ്പെടുത്തിയത്. 2011 ഒക്ടോബര്‍ മുപ്പതിനായിരുന്നു സംഭവം. വീട്ടിലെത്തിയാല്‍ വെള്ളം കുടിക്കല്‍ പതിവുള്ള റോയിക്ക് കുടിക്കാന്‍ വെച്ച വെള്ളത്തിലും രാത്രി ഭക്ഷണത്തിനുള്ള കടലക്കറിയിലും സയനൈഡ് കലര്‍ത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രം മജിസ്‌ട്രേറ്റ് പരിശോധിച്ച ശേഷം വിചാരണക്കായി സെഷന്‍സ് കോടതിയിലേക്കയക്കും.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies