29-Mar-2020 (Sun)
 
 
 
 
‍പഞ്ചായത്ത് അംഗത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍
   
vps
03-Jan-2020
 

കുറ്റ്യാടി: വനിതാ പഞ്ചായത്ത് അംഗത്തെ ഓഫീസില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം. വേളം ഗ്രാമപ്പഞ്ചായത്ത് 16-ാം വാര്‍ഡ് അംഗം ആര്യങ്കാവില്‍ ലീല(52)യെയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. ലൈഫ് ഭവന പദ്ധതിയില്‍ പണം അനുവധിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അതിക്രമം. സംഭവത്തില്‍ തെക്കേകോയ്യൂറേമ്മല്‍ ടി കെ ബാലനെ(51) പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പഞ്ചായത്ത് യോഗത്തിനു ശേഷം പുറത്തിറങ്ങിയ ലീലയെ ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട നിവേദനം നല്‍കാനെന്ന് പറഞ്ഞാണ് ബാലന്‍ സമീപിച്ചത്. ഓഫിസിനു മുകളിലെ പഞ്ചായത്ത് ഹാളിലേക്കു വിളിച്ചുകൊണ്ടുപോവുകയും നിവേദനം വായിക്കുന്നതിനിടെ ചങ്ങലകൊണ്ട് ബന്ധിച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ലീല ബഹളം വച്ചപ്പോള്‍ ബാലന്‍ പെട്രോള്‍ സ്വയം തലയില്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. ബഹളം കേട്ട് എത്തിയ വി ഇ ഒ. റഫീഖിനെ വെട്ടാനും ബാലന്‍ ശ്രമിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി കെ അബ്ദുല്ല ഉള്‍പ്പെടെയുള്ളവര്‍ എത്തിയാണ് ബാലനെ കീഴ്‌പ്പെടുത്തിയത്. ബോധരഹിതയായ ലീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബഹളത്തിനിടെ കൃഷി അസിസ്റ്റന്റ് ജൈസലിന് പരുക്കേറ്റു. ലൈഫ് ഭവനപദ്ധതിയില്‍ വീട് പണിയുന്നതിന് പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗത്തെ ബാലന്‍ സമീപിച്ചിരുന്നതായും എന്നാല്‍ ഇയാളുടെ ഭാര്യ ജാനുവിന് 2015-16 ല്‍ ഐ എ വൈ പദ്ധതിയില്‍ വീട് അനുവദിച്ചിരുന്നതുകൊണ്ട് പണം നല്‍കാനാവില്ലെന്ന് അറിയിച്ചിരുന്നതായും പ്രസിഡന്റ് വി കെ അബ്ദുല്ല പറഞ്ഞു. കഴിഞ്ഞ ദിവസവും ഇതേ ആവശ്യമുന്നയിച്ച് ബാലന്‍ ഓഫീസില്‍ എത്തിയിരുന്നു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies