ഓഫീസ് നടത്തികൊണ്ടു പോകുവാന്‍ ചില്ലി കാശില്ല; കെ പി സി സി ജീവനക്കാരെ പിരിച്ചുവിടുന്നു

കെ പി സി സി ആസ്ഥാനത്ത് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടു. സ്വയം വിരമിക്കലിന് ജീവനക്കാര്‍ക്ക് കെ സുധാകരന്റെ നോട്ടീസ്. കൊവിഡ് പ്രതിസന്ധിക്കിടയില്‍ ജീവനക്കാരെ പെരുവഴിയിലാക്കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം. അക്കൗണ്ടില്‍ പണമില്ലെന്ന് കെ പി സി സി നേതൃത്വത്തിന്റെ വിശദീകരണം. മുല്ലപ്പള്ളി അധ്യക്ഷ പദവി ഒഴിയുമ്പോള്‍ കെ പി സി സിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് മൂന്നരകോടി രൂപ, ഇതിനുപുറമെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് എ ഐ സി സിയില്‍ നിന്ന് ലഭിച്ച തുകയുടെ ബാക്കിയും കൈവശം ഉണ്ടായിരുന്നൂ. ഇന്ദിരാ ഭവനില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്ക് 1000 രൂപ ശമ്പളവും വര്‍ദ്ധിപ്പിച്ചു നല്‍കിയ ശേഷമാണ് മുല്ലപ്പള്ളി പടിയിറങ്ങിയത്. പക്ഷെ പുതിയ അധ്യക്ഷനായി കെ സുധാകരന്‍ എത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. അക്കൗണ്ടില്‍ ഉണ്ടായിരുന്ന മൂന്നരകോടിയും കൈവശം ഉണ്ടായിരുന്ന തുകയും തീര്‍ന്നു. ഓഫീസ് നടത്തിപ്പിന് കാശില്ലാത്തതിനാല്‍ ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് പുതിയ നേതൃത്വം അറിയിച്ചു.

ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം പകുതിയാക്കി വെട്ടിച്ചുരുക്കുകയും ഭൂരിഭാഗം ജീവനക്കാരോടും സ്വയം പിരിഞ്ഞുപോകാന്‍ പറഞ്ഞ് നോട്ടീസ് നല്‍കിയിരിക്കുകയാണ് ഓഫീന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍. ആദ്യപടിയെന്ന നിലയില്‍ 6 ജീവനക്കാരെ കഴിഞ്ഞ ദിവസങ്ങളില്‍ പിരിച്ചുവിട്ടു. ഇതില്‍ മുപ്പത് കൊല്ലത്തില്‍ അധികമായി ജോലി ചെയ്തിരുന്ന ജീവനക്കാര്‍ വരെയുണ്ട്. സുധാകരന്‍ നേരിട്ട് യോഗം വിളിച്ചുചേര്‍ത്താണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനുള്ള തീരുമാനം അറിയിച്ചത്. കൂടാതെ സ്വയം വിരമിക്കലിന് സന്നദ്ധത അറിയിച്ച് ജീവനക്കാരില്‍ നിന്നും പേപ്പര്‍ ഒപ്പിട്ടുവാങ്ങിയെന്നാണ് വിവരം.

മുന്‍ കെ പി സി സി അധ്യക്ഷന്‍മാരുടെ ഡ്രൈവര്‍മാരെ ഒഴിവാക്കുകയും പകരത്തിന് കെ സുധാകരനൊപ്പം എത്തിയവര്‍ക്കാകും പുതിയതായി തൊഴില്‍ നല്‍കുക. തന്റെ കൂടെ നില്‍ക്കുന്നവരെ മാത്രം സംരക്ഷിച്ച് മറ്റുള്ളവരെ ഒഴിവാക്കാനാണ് സുധാകരന്റെ നീക്കമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. കൂടാതെ കെ പി സി സി അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുക സുധാകരന്റെ ധൂര്‍ത്തടിക്കലിനായി ചിലവഴിച്ചെന്നും നേതാക്കള്‍ ആരോപിക്കുന്നുണ്ട്. അക്കൗണ്ട് കാലിയാക്കിയതല്ലാതെ പാര്‍ട്ടി ചിലവിനായി പണം സ്വരൂപിക്കാനൊന്നും സുധാകരന് അറിയില്ലെന്നും വിമര്‍ശനം ഉയരുന്നു.
