തകരാറില്ലാത്ത റോഡില്‍ ടാറിംഗ് നടത്തിയതിന് രണ്ട് പി ഡബ്ല്യു ഡി ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: തകരാറില്ലാത്ത റോഡില്‍ ടാറിംഗ് നടത്തിയ സംഭവത്തില്‍ രണ്ട് പി ഡബ്ല്യു ഡി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്ദമംഗലം അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇ ബിജുവിനും ഓവര്‍സിയര്‍ പി കെ ധന്യയ്ക്കുമെതിരെയാണ് നടപടി. മെഡിക്കല്‍ കോളേജ്-കാരന്തൂര്‍ റോഡിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് മായനാട് ഒഴുക്കരയിലെ തകരാറില്ലാത്ത റോഡും ഇവര്‍ ടാര്‍ ചെയ്തത്. ടാറുചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അത് തടഞ്ഞിരുന്നു. വിള്ളല്‍ പോലുമില്ലാത്ത റോഡിലാണ് പി ഡബ്ല്യു ഡി ഉദ്യോഗസ്ഥര്‍ വീണ്ടും ടാറിംഗ് ചെയ്തത്. റോഡില്‍ 17 മീറ്ററോളം നീളത്തിലാണ് മെറ്റല്‍ നിരത്തിയത്.

റോഡിലെ കുഴി അടക്കാനാണ് അറ്റകുറ്റപ്പണി നടത്തുന്നതെന്ന് പി ഡബ്ല്യു ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ മെറ്റല്‍ നിരത്തിയ സ്ഥലത്ത് കുഴികള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതോടെ മന്ത്രി മുഹമ്മദ് റിയാസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയും സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൊതുനിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തുകയും അവര്‍ക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു.

