യാത്രക്കാരനെ റെയില്‍വെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ റെയില്‍വെ പോലീസിലെ എ.എസ്.ഐ മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സംഭവത്തില്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. യാത്രക്കാരനെ മര്‍ദിക്കുന്നതുമായി വന്ന മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന കുറ്റത്തിനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചതെന്നാണ് ആക്ഷേപം. തുടര്‍ന്ന് ഇയാളെ പുറത്താക്കുകയും ചെയ്തു. മദ്യപിച്ച് ബഹളം വെച്ചതിനാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. എന്നാല്‍ ബൂട്ടിട്ട് ചവിട്ടിയത് തെറ്റാണൊണ് പോലീസിന്റെ കണ്ടെത്തല്‍. കുറ്റം തെളിഞ്ഞാല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളംങ്കോവന്‍ വ്യക്തമാക്കി.

