വീല്‍ ചെയറുകളില്‍ ജീവിതം തള്ളി നീക്കുന്നവര്‍ താമരശ്ശേരിയില്‍ ഒത്തു ചേര്‍ന്നു

താമരശ്ശേരി: വീല്‍ ചെയറുകളില്‍ ജീവിതം തള്ളി നീക്കുന്നവര്‍ താമരശ്ശേരിയില്‍ ഒത്തു ചേര്‍ന്നു. വിവിധ സാഹചര്യങ്ങളില്‍ വീല്‍ ചെയറുകളിലേക്ക് വീഴപ്പെട്ടവര്‍ വല്ലപ്പോഴുമാണ് ഒത്തു ചേരുന്നത്. കേരള വീല്‍ചെയര്‍ റൈറ്റ് ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയും താമരശ്ശേരി സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും സംയുക്തമായി താമരശ്ശേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ സ്നേഹസംഗമത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുത്തത്. പാട്ടുകള്‍ പാടിയും സൗഹൃദം പുതുക്കിയും അവര്‍ ഒരു പകല്‍ ആഘോഷമാക്കി.

പരിപാടിയുടെ ഭാഗമായി ആരോഗ്യ ബോധവത്ക്കരണം, അനുമോദനം എന്നിവയും നടന്നു. ഡോ. എം.കെ. മുനീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വീല്‍ ചെയറില്‍ കഴിയുന്ന വിവിധ മേഖലകളില്‍ പ്രതിഭകളായവരെ മൊമെന്റോകള്‍ നല്‍കി ആദരിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റംസീന നരിക്കുനി, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അയ്യൂബ് ഖാന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൗദാ ബീവി, ഫസീല ഹബീബ്, എ കെ ഡബ്യു ആര്‍ എഫ് ജില്ലാ പ്രസിഡന്റ് പി കെ. മുഹമ്മദലി, എസ് ഡബ്യു എസ് പ്രസിഡന്റ് വി പി ഉസ്മാന്‍, ഉസ്മാന്‍ പി ചെമ്പ്ര, രതീഷ് വെളിമണ്ണ, ആയിഷ, ബുഷ്റ, മുഹമ്മദ് നഈം, സി ഹുസൈന്‍, ഷമീര്‍ ബാവ തുടങ്ങിയവര്‍ സംസാരിച്ചു.

