മൊഫിയയുടെ ആത്മഹത്യാ കേസില്‍ ഭര്‍ത്താവ് സുഹൈലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ആലുവ: ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതിയും ഭര്‍ത്താവുമായ മുഹമ്മദ് സുഹൈലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മാതാപിതാക്കളായ യൂസഫ്, റുക്കിയ എന്നിവര്‍ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. കേസ് ഡയറി പരിശോധിച്ചതില്‍ നിന്നും പ്രതിയുടെ പ്രവൃത്തി അതിക്രൂരമാണന്ന് കോടതി വിലയിരുത്തി. സ്ത്രീധനത്തിന്റെ പേരില്‍ തുടര്‍ച്ചയായ ശാരീരിക മാനസിക പീഡനമാണ് മൊഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കേസില്‍ കക്ഷി ചേര്‍ന്ന മൊഫിയയുടെ പിതാവ് കോടതിയെ ബോധിപ്പിച്ചിരുന്നു.

ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തില്‍ ഇടപെടരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെയാണ് സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. സെക്ഷന്‍സ് കോടതി നേരത്തെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

