മാനിപുരം ശിഹാബ് തങ്ങള്‍ ഡയാലിലിസ് സെന്റര്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിച്ചു

കൊടുവള്ളി: മാനിപുരത്ത് സ്ഥാപിച്ച ശിഹാബ് തങ്ങള്‍ ഡയാലിലിസ് സെന്റര്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് സി എച് സെന്റര്‍ മുഖേനെ ഖത്തര്‍ കെ എം സി സി നല്‍കിയ 9 ഡയാലിസിസ് മെഷീന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാണ് മാനിപുരത്ത് സൗജന്യ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കിഡ്നി രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിര്‍ധന രോഗികള്‍ക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് സെന്റര്‍ ആരംഭിച്ചത്. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട പ്രവര്‍ത്തനങ്ങളാണ് മുസ്ലിംലീഗ് നടത്തുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. വിവിധ കൂട്ടായ്മകള്‍ നല്‍കുന്ന സംഭാവനകള്‍ അദ്ദേഹം ഏറ്റുവാങ്ങി. കമ്മിറ്റി ചെയര്‍മാന്‍ എം എ റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഫിസിയോ തെറാപ്പി സെന്റര്‍ എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. എം കെ മുനീര്‍ എം എല്‍ എ, ഉമ്മര്‍ പാണ്ടികശാല, വി എം ഉമ്മര്‍ മാസ്റ്റര്‍, വെള്ളറ അബ്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

