Naattuvaartha

News Portal Breaking News kerala, kozhikkode,

വസ്ത്രശാലകള്‍ക്ക് മുന്നിലെ പെണ്‍പ്രതിമകളുടെ തല നീക്കം ചെയ്യണമെന്ന് താലിബാന്‍

വസ്ത്രശാലകള്‍ക്ക് മുന്നിലെ പെണ്‍പ്രതിമകളുടെ തല കൊയ്യാനുള്ള നിര്‍ദേശവുമായി താലിബാന്‍. ഇസ്ലാമിന് നിഷിദ്ധമായ വിഗ്രങ്ങളെപ്പോലെയാണ് പ്രതിമകള്‍ എന്ന വാദം പറഞ്ഞാണ് തുണിക്കടകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പശ്ചിമ അഫ്ഗാന്‍ പ്രവിശ്യയായ ഹെറാതിലെ വസ്ത്രശാലകളിലുള്ള വ്യാപാരികള്‍ക്ക് ഇതുസംബന്ധിച്ചുള്ള നിര്‍ദേശം ലഭിച്ചുകഴിഞ്ഞു. നിര്‍ദേശം അവഗണിക്കുന്നവര്‍ അര്‍ഹിക്കുന്ന ശിക്ഷ നേരിടേണ്ടി വരുമെന്ന് സദ്ഗുണ പ്രചാരത്തിനും ദുരാചാരം തടയുന്നതിനുമായുള്ള മന്ത്രാലയം അറിയിച്ചു.

ആളുകള്‍ പ്രതിമകളെ വിഗ്രഹങ്ങളെപ്പോലെ ആരാധിക്കുന്നുണ്ടെന്നും വിഗ്രഹാരാധന പാപമാണെന്നും പറഞ്ഞാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പെണ്‍പ്രതിമകളുടെ മുഖത്തേക്ക് നോക്കുന്നതു പോലും നിയമപ്രകാരം തെറ്റാണെന്നും തദ്ദേശ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ വക്തമാക്കിയിട്ടുണ്ട്. പ്രതിമകള്‍ മുഴുവനായി നീക്കം ചെയ്യണമെന്നായിരുന്നു തുടക്കത്തില്‍ പുറപ്പെടുവിച്ച ഉത്തരവ്. പിന്നീട് ഉത്തരവില്‍ വിട്ടുവീഴ്ച ചെയ്താണ് പെണ്‍പ്രതിമകളുടെ തല നീക്കം ചെയ്യാന്‍ ധാരണയായത്. പ്രസ്തുത ഉത്തരവ് വസ്ത്രവ്യാപാരികളെ നിരാശപ്പെടുത്തിയിരിക്കുന്നു. പ്രതിമകളുടെ വില കണക്കിലെടുത്ത് ഉണ്ടാകുന്ന നഷ്ടമാണ് വസ്ത്രവ്യാപാരികളെ നിരാശയിലാഴ്ത്തുന്നത്. 200 ഡോളറാണ് ഒരു പ്രതിമയ്ക്ക് വരുന്ന വിലയെന്ന് വ്യാപാരികള്‍ പറയുന്നു. ഇത്തരത്തില്‍ വാങ്ങുന്ന പ്രതിമകളുടെ തല നീക്കം ചെയ്യുന്നത് വലിയ നഷ്ടമാണ് വരുത്തുന്നതെന്ന് ഒരു വ്യാപാരി പറഞ്ഞു.

അഫ്ഗാനില്‍ താലിബാന്‍ അധികാരമേറ്റതോടെയാണ് സദ്ഗുണ പ്രചാരണത്തിനും ദുരാചാരം തടയുന്നതിനുമായുള്ള മന്ത്രാലയം നിലവില്‍ വന്നത്. പിന്നാലെ സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നിരവധി ഉത്തരവുകളും കൊണ്ടുവന്നിരുന്നു. അടുത്തിടെയാണ് സ്ത്രീകളുടെ യാത്രകള്‍ക്ക് താലിബാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സ്ത്രീകളുടെ ദീര്‍ഘദൂര യാത്രകള്‍ക്ക് കൂടെ ബന്ധുക്കളായ പുരുഷന്മാര്‍ ഉണ്ടായിരിക്കണം എന്നായിരുന്നു മന്ത്രാലയത്തിന്റെ ഉത്തരവ്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും നേരത്തെ താലിബാന്‍ മന്ത്രാലയം ഉത്തരവിട്ടിരുന്നു.

ഓഗസ്റ്റില്‍ ഭരണം പിടിച്ചെടുത്തശേഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് താലിബാന്‍ പറഞ്ഞിരുന്നെങ്കിലും പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസവും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്. അതുകൂടാതെ ഭൂരിഭാഗം സ്ത്രീകള്‍ക്കും ജോലിക്കുപോകാന്‍ പോലും കഴിയുന്നില്ല. ക്ലാസ് മുറികള്‍ ലിംഗപരമായി വേര്‍തിരിക്കുമെന്നും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നും താലിബാന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!