Naattuvaartha

News Portal Breaking News kerala, kozhikkode,

ബുര്‍ജ് ഖലീഫയ്ക്ക് ഇന്നേക്ക് 12ാം പിറന്നാള്‍; ഇന്നും ഏറ്റവും ഉയരമുള്ള കെട്ടിടമായി നിലനില്‍ക്കുന്നു

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത് 2010 ജനുവരി നാലിനായിരുന്നു. ഇപ്പോഴും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി യു എ ഇയുടെ പ്രധാന നഗരമായ ദുബായിലെ ഈ നിര്‍മിതി നിലനില്‍ക്കുന്നു. ബുര്‍ജ് ദുബായി എന്ന പേരില്‍ നിര്‍മാണം ആരംഭിച്ച ഈ കെട്ടിട വിസ്മയം ബുര്‍ജ് ഖലീഫ എന്ന പേര് സ്വീകരിച്ചതും ജനുവരി നാലിന് തന്നെയാണ്. 632 മീറ്റര്‍ ഉയരമുള്ള ചൈനയിലെ ഷാങ്ഹായ് ടവറിനെ നിഷ്പ്രഭമാക്കി ബുര്‍ജ് ഖലീഫ ലോക റെക്കോര്‍ഡ് സ്വന്തം പേരില്‍ നേടുകയായിരുന്നു. ഇതിന്റെ ഉയരം 828 മീറ്ററാണ്. ബുര്‍ജ് ഖലീഫയെ വെല്ലുന്ന കെട്ടിടങ്ങള്‍ പലതും പ്രഖ്യാപിക്കപ്പെട്ടെങ്കിലും 12 വര്‍ഷം പിന്നിടുമ്പോഴും ഉയരത്തില്‍ മുമ്പനായി ബുര്‍ജ് ഖലീഫ തുടരുന്നു. 2004 ല്‍ നിര്‍മാണം ആരംഭിച്ച 163 നില കെട്ടിടം അഞ്ച് വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത്.

പതിനഞ്ചിലേറെ ലോക റെക്കോഡുകള്‍ ബുര്‍ജ് ഖലീഫക്ക് സ്വന്തമായിട്ടുണ്ട്. ഏറ്റവും ഉയരുമുള്ള കെട്ടിടം, ഭൂമിയിലെ ഏറ്റവും ഉയരമുള്ള സ്വതന്ത്ര നിര്‍മിതി, ഏറ്റവും കൂടുതല്‍ നിലകളുള്ള കെട്ടിടം, ഏറ്റവും നീളത്തില്‍ സഞ്ചരിക്കുന്ന ലിഫ്റ്റ്, ഏറ്റവും ഉയരത്തിലെ റെസ്റ്റോറന്റ്, നിശാക്ലബ് തുടങ്ങി ബുര്‍ജ് ഖലീഫയില്‍ നടക്കുന്ന പുതുവത്സര വെടിക്കെട്ടിനെ വരെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത റെക്കോര്‍ഡുകളായി ബുര്‍ജ് ഖലീഫ നിലനില്‍ക്കുന്നു. അമേരിക്കന്‍ ആര്‍ക്കിടെക്ട് അഡ്രിയാന്‍ സ്മിത്താണ് ബുര്‍ജ് ഖലീഫ രൂപകല്‍പ്പന ചെയ്തത്. 2004 ഡിസംബര്‍ ആറിന് തുടങ്ങിയ നിര്‍മാണം 2009 ഒക്ടോബര്‍ ഒന്നിന് പൂര്‍ത്തിയായി. താമസ ഇടങ്ങള്‍, ഓഫീസുകള്‍, ഹോട്ടലുകള്‍ എന്നിവക്ക് പുറമെ ഏറ്റവും ഉയരെ നിന്ന് ലോകത്തെ വീക്ഷിക്കാന്‍ രണ്ട് ഒബ്സര്‍വേറ്ററികളും ബുര്‍ജ് ഖലീഫയിലുണ്ട്. നേരത്തേ ബുര്‍ജ് ദുബായി എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം ഉദ്ഘാടന ദിവസമാണ് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനോടുള്ള ആദര സൂചകമായി ബുര്‍ജ് ഖലീഫയെന്ന് നാമകരണം ചെയ്തത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായി മാളും ഇതിന് കീഴിലെത്തി. ദിവസവും ആയിരക്കണക്കിന് സന്ദര്‍ശകരാണ് ബുര്‍ജ് ഖലീഫ കാണാന്‍ ദുബായിലെത്തുന്നത്.

എന്നാല്‍ ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരമുള്ള കെട്ടിടം യു എ ഇയില്‍ തന്നെ വരുന്നതായി വാര്‍ത്തകള്‍ ഉയര്‍ന്നു വന്നിരുന്നു. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ ഉടമസ്ഥരായ എമ്മാര്‍ പ്രോപ്പട്ടീസ് തന്നെയാണ് ഈ കെട്ടിടവും നിര്‍മിക്കുന്നത്. റാസല്‍ഖൂറിലെ ദുബായ് ക്രീക്ക് പാര്‍ക്കിലാണ് പുതിയ കെട്ടിടം ഉയരുക എന്നായിരുന്നു വിവരം. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയേക്കാള്‍ അല്‍പം കൂടി ഉയരമുണ്ടാകും പുതിയ കെട്ടിടത്തിനെന്നാണ് എമ്മാര്‍ അധികൃതര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഉയരം എത്രയാണെന്ന് വെളിപ്പെടുത്താനോ സൗദിയില്‍ കിലോമീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന കിങ്ഡം ടവറുമായി ഇതിനെ താരതമ്യം ചെയ്യാനോ അധികൃതര്‍ തയാറായിരുന്നില്ല. റാസര്‍ഖൂറിലെ പക്ഷി സങ്കേതത്തോട് ചേര്‍ന്ന് ആറ് ചതുരശ്ര കിലോമീറ്ററില്‍ വികസിപ്പിക്കുന്ന ദുബായ് ക്രീക്ക് ഹാര്‍ബറിന്റെ കേന്ദ്രമായിരിക്കും ഈ കെട്ടിടം. തല്‍കാലം ടവര്‍ എന്നറിയപ്പെടുന്ന ഈ കെട്ടിടത്തില്‍ ബുര്‍ജ് ഖലീഫയിലെ പോലെ താമസകേന്ദ്രങ്ങളോട ഓഫീസുകളോ ഉണ്ടാവില്ല. പകരം, ചെറിയ ഹോട്ടലുകളും നഗരവീക്ഷണത്തിനായുള്ള സംവിധാനങ്ങളുമാണ് ഒരുക്കുക. സ്പാനിഷ് ആര്‍ക്കിടെക്ട് സാന്റിയാഗോ കലാട്രവ വാള്‍സാണ് പുതിയ കെട്ടിടം രൂപകല്‍പന ചെയ്തത്. 2020 എക്സ്പോക്ക് വേദിയാകുന്ന ദുബായിലേക്ക് ലോകത്തെ ആകര്‍ഷിക്കാനാണ് ഈ കെട്ടിടമെന്ന് എമ്മാര്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍അബ്ബാര്‍ പറഞ്ഞിരുന്നു. ക്രീക്ക് ഹാര്‍ബറില്‍ നിര്‍മിക്കുന്ന റീട്ടെയില്‍ ഡിസ്ട്രിക്ടിന്റെ പ്രഖ്യാപനം ഉടനുണ്ടാകും. ടവറിന് ചുറ്റുമായി 22 ഹോട്ടലുകളും താമസകേന്ദ്രങ്ങളും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ടവറിന് മാത്രം 3.65 ബില്യന്‍ ചെലവ് വരുമെന്നാണ് കണക്കാക്കിയിരുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര് കാണാന്‍ ആഗ്രഹിക്കുന്ന നിര്‍മിതിയെന്ന പദവി ബുര്‍ജ് ഖലീഫക്ക് ലഭിച്ചിരുന്നു. ഗൂഗിളില്‍ നിന്ന് ശേഖരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഢംബര യാത്രാ കമ്പനിയായ ‘കുയോനി’ തയാറാക്കിയ റാങ്കിങിലാണ് ബുര്‍ജ് ഖലീഫ ഒന്നാം സ്ഥാനത്തെത്തിയിരുന്നത്. ലോകത്തെ 66 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച് ചെയ്ത ആകര്‍ഷകകേന്ദ്രം ബുര്‍ജ് ഖലീഫയാണ്. യാത്രാലക്ഷ്യങ്ങള്‍ തേടി നടന്ന സെര്‍ചുകളുടെ 38 ശതമാനത്തോളം വരുമിത്. ഇന്ത്യ, സ്വിറ്റ്സര്‍ലന്‍ഡ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്തോനേഷ്യ, ഫിജി, തുര്‍ക്മിനിസ്താന്‍ എന്നിവിടങ്ങളിലെല്ലാം ബുര്‍ജ് ഖലീഫയാണ് മുന്നിട്ടുനില്‍ക്കുന്നത്. നേരത്തെ ഇന്ത്യയുടെ താജ്മഹലായിരുന്നു ആഗോള സഞ്ചാരികളെ ഏറ്റവും കൂടുതല്‍ മോഹിപ്പിച്ച നിര്‍മിതി. പുതിയ പഠനത്തില്‍ പക്ഷെ, താജ് മഹല്‍ നാലാം സ്ഥാനത്തേക്ക് മാറി. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് പാരീസിലെ ഈഫല്‍ ടവറാണ്. പെറുവിലെ മാച്ചുപിച്ചുവിനാണ് മൂന്നാം സ്ഥാനം. ബ്രിട്ടന്‍, അയര്‍ലന്‍ഡ്, കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ സെര്‍ച് ചെയ്തത് ഈഫല്‍ ടവറാണ്. സ്പെയിന്‍, ചിലി, മെക്സികോ എന്നിവിടങ്ങളിലാണ് മാച്ചുപിച്ചുവിനോട് ഇഷ്ടക്കാര്‍ കൂടുതല്‍. ബ്രിട്ടനിലെ ബിഗ് ബെന്‍, ഇറ്റലിയിലെ പോംപി, സ്പെയിനിലെ അല്‍ഹംബ്ര, ഫ്രാന്‍സിലെ നോത്രെ ഡേം, ബ്രിട്ടനിലെ സ്റ്റോണ്‍ഹെങെ, ജോര്‍ഡനിലെ പെട്ര, ചൈനയുടെ വന്‍മതില്‍ എന്നിവയും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായി പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!