ബുള്ളറ്റ് ട്രെയിനിന്റെ കാര്യത്തില്‍ യെച്ചൂരി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞത് പിണറായി വിജയനോടും പറയേണ്ടിവരുമെന്ന് വി ഡി സതീശന്‍


തിരുവനന്തപുരം: യെച്ചൂരി മോദിയെ ബുള്ളറ്റ് ട്രെയിനിന്റെ കാര്യത്തില്‍ വിമര്‍ശിച്ചതുപോലെ പിണറായി വിജയനെയും വിമര്‍ശിക്കേണ്ടി വരുമെന്ന് വി ഡി സതീശന്‍. കെ റെയില്‍ വിഷയത്തെ പറ്റി നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ പ്രമുഖരുമായി ചര്‍ച്ച നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിക്കുകയുണ്ടായി.

മുഖ്യമന്ത്രിയും സി പി എമ്മും അടിസ്ഥാന വര്‍ഗത്തെ മറന്ന് പൗര പ്രമുഖരുമായി മാത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് സംസാരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷം സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങുമെന്നും പദ്ധതി ബാധിക്കുന്ന, കിടപ്പാടവും കൃഷിഭൂമിയും നഷ്ട്‌പ്പെട്ട് ജീവിതം വഴിമുട്ടിപ്പോകുന്ന പാവങ്ങളുമായി പ്രതിപക്ഷം ആശയവിനിമയം നടത്തുമെന്നും സതീശന്‍ പറഞ്ഞു.

എല്ലാ കാലഘട്ടത്തിലും അടിസ്ഥാന വര്‍ഗങ്ങള്‍ക്കു വേണ്ടി മാത്രം സംസാരിച്ചിരുന്ന സി പി എം അധികാരം കിട്ടിയപ്പോള്‍ വരേണ്യവര്‍ഗത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഞാന്‍ ഇങ്ങനെയേ ചെയ്യൂ എന്നു പറയുന്ന മുഖ്യമന്ത്രി പൊതുസമൂഹത്തെയും രാഷ്ട്രീയ പാര്‍ട്ടികളെയും വെല്ലുവിളിക്കുകയാണെന്നും. നാളെ നടക്കുന്ന യു ഡി എഫ് കക്ഷി നേതാക്കളുടെ യോഗത്തില്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട തുടര്‍ സമരം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

