ഉത്സവപ്പറമ്പില്‍ ഒരാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ 11 വര്‍ഷത്തിനുശേഷം അറസ്റ്റ് ചെയ്തു

കൊടുങ്ങല്ലൂര്‍: ഉത്സവപ്പറമ്പില്‍ ഒരാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി പൊലീസ് പിടിയിലായി. കയ്പമംഗലം കൊക്കുവായില്‍ സുനിലി (50)നെയാണ് കൊടുങ്ങല്ലൂര്‍ ഡി വൈ എസ് പി സലീഷീന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം മലപ്പുറം മഞ്ചേരിയില്‍ നിന്ന് പിടികൂടിയത്. 2011-ല്‍ കയ്പമംഗലം തായ് നഗറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം സുനില്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് ഇതര ജില്ലകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി നാട്ടിലെ ആരുമായും ബന്ധപ്പെടാതെയാണ് ഇയാള്‍ ജീവിച്ചുപോന്നത്. മതിലകം ഇന്‍സ്‌പെക്ടര്‍ ഷൈജു, എസ് ഐ പി സി സുനില്‍, എ എസ് ഐ സി ആര്‍ പ്രദീപ്, പൊലീസ് ഓഫീസര്‍മാരായ ഷൈന്‍, സൂരജ് വി ദേവ്, ലിജു ഇയ്യാനി, മിഥുന്‍കൃഷ്ണ, അരുണ്‍നാഥ്, നിഷാന്ത് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

