Naattuvaartha

News Portal Breaking News kerala, kozhikkode,

കോടഞ്ചേരിയില്‍ മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ അറസ്റ്റില്‍

കോടഞ്ചേരി: കോടഞ്ചേരിയില്‍ മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയ പ്രതികളെ താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. മുക്കം മുരിങ്ങമ്പുറായി പൂവത്തിക്കല്‍ വീട്ടില്‍ അജാസ്(20), കോട്ടക്കുത്ത് വീട്ടില്‍ മുഹ്‌സിന്‍(20) എന്നിവരാണ് അറസ്റ്റിലായത്.

നവംബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം. കോടഞ്ചേരി ടൗണിലുള്ള ആദിത്യ മൊബൈല്‍സിലാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്.
ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ പ്രതികള്‍ വില്പനക്ക് വെച്ച 15 പുതിയ ഫോണുകള്‍ കവര്‍ന്നു. സി സി ടി വി ക്യാമറയിലേക്ക് സ്‌പ്രേ ചെയ്ത ശേഷമാണ് കളവ് നടത്തിയത്. പിന്നീട് അരീക്കോട്, കോയമ്പത്തൂര്‍, തിരൂര്‍, കല്‍പ്പറ്റ, കുന്ദമംഗലം എന്നിവിടങ്ങളിലെ മൊബൈല്‍ ഷോപ്പുകളില്‍ 7 ഫോണുകള്‍ പ്രതികള്‍ വിറ്റു.

ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്‌തെടുത്ത കണ്ണൂര്‍ സ്വദേശിയായ റോഷന്‍ എന്നാളുടെ പേരിലുള്ള വ്യാജ ഡ്രൈവിങ് ലൈസെന്‍സിന്റെ കോപ്പിയാണ് തിരിച്ചറിയല്‍ രേഖയായി ഫോണ്‍ വിറ്റ കടകളില്‍ പ്രതികള്‍ നല്‍കിയത്. ഫോണ്‍ വില്‍പ്പന നടത്തിയ പണം പ്രതികള്‍ വീതിച്ചെടുത്തു. കവര്‍ന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു.

താത്കാലിക സാമ്പത്തിക പ്രയാസം മാറ്റുവാനാണ് കളവ് നടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. പ്രതികള്‍ മൊബൈല്‍ ഫോണ്‍ വില്പന നടത്തുവാന്‍ ശ്രമിക്കുന്ന വിവരം രഹസ്യമായി ലഭിച്ചതില്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ കസ്റ്റഡിയിലെടുത്തു പോലീസ്റ്റേഷനില്‍ എത്തിച്ചു ചോദ്യചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് പിടിക്കുമെന്ന് മനസ്സിലാക്കിയ പ്രതികള്‍ ബാക്കിയുള്ള 8 ഫോണുകള്‍ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി ചേന്ദമംഗലൂര്‍ പലത്തിനടിയില്‍ ഇരുവഴിഞ്ഞിപുഴയില്‍ എറിഞ്ഞതായി മൊഴി നല്‍കി. ആഴമേറിയ ഭാഗത്ത് പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തില്‍ കോടഞ്ചേരി ഇന്‍സ്പെക്ടര്‍ കെ പി പ്രവീണ്‍ കുമാര്‍, എസ് ഐ മാരായ കെ സി അഭിലാഷ്, വി പത്മനാഭന്‍, സി പി ഒ. ജിനേഷ് കുര്യന്‍, സി കെ സനല്‍ കുമാര്‍, ക്രൈം സ്‌ക്വാഡ് എസ് ഐമാരായ രാജീവ് ബാബു, വി കെ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!