തോക്ക് കൈവശം വെച്ചതിന് അറസ്റ്റിലായ കെ എസ് ബി എ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ നല്‍കും

കോയമ്പത്തൂര്‍: തോക്ക് കൈവശം വെച്ചതിന് അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് കെ എസ് ബി എ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കും. ഇന്നലെ കോടതി തങ്ങളെ റിമാന്‍ഡ് ചെയ്തിരുന്നു. പൊള്ളാച്ചി സബ് ജയിലിലേക്കാണ് ഇന്നലെ കെ എസ് ബി എ തങ്ങളെ മാറ്റിയത്. ഇന്നലെ രാവിലെയാണ് തോക്കും തിരകളും കൈവശം വെച്ചതിന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ കെ എസ് ബി എ തങ്ങള്‍ പിടിയിലായത്.

പിന്നീട് പീളൈമേട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തോക്കിന്റെ പഴക്കം, ഉപയോഗയോഗ്യമാണോ എന്നതടക്കം കണ്ടെത്താന്‍ തോക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തോക്കിന് എണ്‍പത് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും തോക്കുണ്ടായിരുന്ന ബാഗ് മാറിയെടുത്തതാണെന്നുമാണ് തങ്ങളുടെ മൊഴി. മതിയായ രേഖകളില്ലാതെ ആയുധം കൈവശം വച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

