Naattuvaartha

News Portal Breaking News kerala, kozhikkode,

സമഗ്ര നവജാത ശിശുപരിചരണ പദ്ധതിയ്ക്ക് കോഴിക്കോട്ട് തുടക്കം

കോഴിക്കോട്: നവജാത ശിശുവിന് ആദ്യ ദിനങ്ങളിലുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൃത്യസമയത്ത് ഇടപെട്ട് പൂര്‍ണ്ണമായും പരിഹരിക്കുന്നതിന് കോഴിക്കോട് ജില്ലയില്‍ ആവിഷ്‌കരിച്ച ‘നിയോ ക്രാഡില്‍’ പദ്ധതി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയില്‍ സജ്ജമായ സമഗ്ര നവജാതശിശു പരിചരണ പദ്ധതിയായ ‘നിയോ ക്രാഡില്‍’ നവജാത ശിശുപരിചരണ രംഗത്തെ പ്രധാന ചുവടുവയ്പ്പാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, നാഷണല്‍ നിയോനാറ്റല്‍ ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ പദ്ധതി ആരംഭിക്കുന്നത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നവജാത ശിശുക്കള്‍ക്ക് ഏറ്റവും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.

സംസ്ഥാന ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്നുള്ള ഈ പദ്ധതി മറ്റ് ജില്ലകള്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. നവജാത ശിശുക്കളില്‍ ശരീരോഷ്മാവ്, രക്തത്തിലെ പഞ്ചസാര, ഓക്‌സിജന്‍ എന്നിവ കുറയുന്നതുമൂലമുണ്ടാകുന്ന സങ്കീര്‍ണമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഏറ്റവും ഫലപ്രദമായി വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളായി മാറാന്‍ സാധ്യതയുള്ള ഇത്തരം ബുദ്ധിമുട്ടുകളുള്ള കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി അത്യാധുനിക സംവിധാനങ്ങളുള്ള ആബുലന്‍സില്‍ പരിചരണം നല്‍കി വലിയ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ കഴിയും. 1000 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 5 ശിശുമരണം മാത്രമാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്. അത് വികസിത രാജ്യങ്ങളിലെ നിരക്കിന് ഒപ്പമാണ്. സംസ്ഥാനത്ത് ഈ നിരക്ക് പരമാവധി കുറക്കാന്‍ പദ്ധതി വഴി സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ആശുപത്രികള്‍ മാതൃ- ശിശു സൗഹൃദമായിരിക്കുകയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ആശുപത്രികള്‍ ശിശു സൗഹൃദമായി മാറ്റുന്നതിന് ഫലപ്രദമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കേരളം മാതൃ- ശിശു സൗഹൃദമാവുകയും ചെയ്തിട്ടുണ്ട്. പുതുക്കിയ മാനദണ്ഡങ്ങളനുസരിച്ച് ഇതേ നേട്ടം കൈവരിക്കുന്നതിന് ആരോഗ്യ വകുപ്പും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ മാതൃ-ശിശു സൗഹൃദമാക്കി മാറ്റുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കും. പൊതുയിടങ്ങളും മാതൃശിശു സൗഹൃദമാക്കാന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

പതിനായിരക്കണക്കിന് സാധാരണക്കാര്‍ക്ക് ആശ്രയമായ കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃകാ മെഡിക്കല്‍ കോളേജാക്കി മാറ്റാന്‍ ശ്രമിക്കും. കിനാലൂരില്‍ വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥലത്ത് എയിംസ് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.

30 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ജീവിതശൈലീ രോഗങ്ങള്‍ കുറച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഈ ജനുവരിയില്‍ ആരോഗ്യവകുപ്പ് ജനകീയ ക്യാമ്പെയ്ന്‍ തുടങ്ങുകയാണ്. 140 നിയോജക മണ്ഡലങ്ങളിലും ജീവിതശൈലീ രോഗ കാമ്പയിന്‍ ആരംഭിക്കും. ആദ്യ വര്‍ഷം മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളിലും അടുത്ത വര്‍ഷം അതിന്റെ മൂന്നിരട്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മൂന്നാം വര്‍ഷം സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി വ്യാപിപ്പിക്കും. കാന്‍സര്‍ ഡേറ്റ രജിസ്ട്രി തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരുന്നു. നിയോ ക്രാഡില്‍ ലോഗോ പ്രകാശനം എം.കെ.രാഘവന്‍ എംപി നിര്‍വഹിച്ചു. മേയര്‍ ഡോ.ബീന ഫിലിപ്പ് നിയോ ക്രാഡില്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. നിയോക്രഡില്‍ പദ്ധതിയ്ക്ക് വെബ്സൈറ്റ് തയ്യാറാക്കിയ നാഷണല്‍ ഇന്‍ഫര്‍മേറ്റിക്സ് സെന്ററിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മോമെന്റൊയും സര്‍ട്ടിഫിക്കറ്റും നല്‍കി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ച മുലപ്പാല്‍ ബാങ്കിന്റെ ഫേസ് ബുക്ക് പേജ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.ആര്‍.രാജേന്ദ്രന്‍ പ്രകാശനം ചെയ്തു. മുലപ്പാല്‍ ബാങ്കിന്റെ സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ നാമകരണം നിര്‍വ്വഹിച്ച ഡോ.അനഘ വിജയനെ ചടങ്ങില്‍ ആദരിച്ചു. ‘ലൗ ഡ്രോപ്സ് ഫോര്‍ ന്യൂ ലൈഫ്’ എന്ന പേരാണ് നിര്‍ദേശിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി ആര്‍ രാജു, ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ നവീന്‍, ഐഎപി നാഷണല്‍ പ്രസിഡന്റ് ഡോ. രമേശ് കുമാര്‍, എയിംസ് പീടിയാട്രിക്‌സ് എച്ച്ഒഡി പ്രൊഫസര്‍ ഡോ.അശോക് കുമാര്‍ ഡിയോരാരി, എന്‍എന്‍എഫ് ഹോണററി സെക്രട്ടറി ഡോ. ദിനേശ് ടോമാര്‍, യൂണിസെഫ് കണ്‍സല്‍ട്ടന്റ് ഡോ. കെ ഇ എലിസബത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!