NAATTUVAARTHA

NEWS PORTAL

മൊബൈല്‍ ഫോണ്‍ മാത്രമല്ല വേറെ പലതും ജയില്‍പുള്ളികള്‍ക്ക് കിട്ടുന്നുണ്ട്…ഋഷിരാജ് സിങിന്റെ വെളിപ്പെടുത്തല്‍

ജയിലില്‍ തടവു പുള്ളികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്നൊരു വാര്‍ത്ത വന്നാല്‍ ആളുകള്‍ വളരെയധികം പരിഭ്രാന്തരാകും. എന്നാല്‍ ജയിലിനുള്ളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ ജയില്‍ വകുപ്പിന് മറ്റു വകുപ്പുകളില്‍ നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ല എന്നതാണ് വസ്തുത. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏകദേശം 50 മൊബൈല്‍ ഫോണുകള്‍ പിടിക്കുകയും, അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ സെന്‍ട്രല്‍ ജയിലിന് അടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്‌തെങ്കിലും നിര്‍ഭാഗ്യവശാല്‍ ഇതുവരെയും അതിനു തക്കതായ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഒരു കേസില്‍പ്പോലും തുടരന്വേഷണം നടക്കുകയോ ജയിലിനകത്തു നിന്നും അവര്‍ ആരെയാണോ വിളിച്ചത്, അവരെ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല.

2019 ല്‍ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും നടത്തിയ റെയ്ഡുകളില്‍ 100 കണക്കിന് മൊബൈല്‍ ഫോണുകള്‍ പിടിച്ച് ലോക്കല്‍ പൊലീസിനെ ഏല്പ്പിച്ചെങ്കിലും യാതൊരു വിശദീകരണവും ലഭിച്ചിരുന്നില്ല. ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിക്കുക എന്നത് വളരെ എളുപ്പമാണ്. മുന്‍പ് വിചാരണ പ്രതികളെ കോടതിയില്‍ ഹാജരാക്കി തിരിച്ചുപോകുമ്പോള്‍ ലഹരി വസ്തുക്കള്‍ മൊബൈല്‍ ഫോണ്‍ തുടങ്ങിയവ സുലഭമായി എത്തിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ കൊവിഡ് കാരണം കോടതികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ജയിലിന്റെ പുറത്തു നിന്നും ആളുകള്‍ മൊബൈല്‍ ഫോണുകള്‍, ചാരായം, അശ്ലീല സാഹിത്യങ്ങള്‍, സിഡികള്‍ തുടങ്ങിയ സാധനങ്ങള്‍ മതില്‍ക്കെട്ടിന് മുകളിലൂടെ അകത്തേക്ക് വലിച്ചെറിയുന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

സി ആര്‍ പി സിയിലെ തിരുത്തലിലൂടെ ഫോറസ്റ്റ് വിഭാഗത്തിനും എക്‌സൈസ് വകുപ്പിനും ഐ പി സി യില്‍ കേസെടുക്കാനാകും. ജയില്‍വകുപ്പിനും അതുപോലെ അധികാരം നല്കുന്ന നിയമഭേദഗതി വരുത്തിയാല്‍ ജയില്‍ മേധാവിക്ക് തന്നെ ഇതിനെപ്പറ്റി സ്വയം അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ മൂന്ന് ജയിലുകളിലും ഒന്നോ രണ്ടോ സബ് ഇന്‍സ്‌പെക്ടര്‍മാരെയും അവര്‍ക്ക് വേണ്ട സ്റ്റാഫിനെയും ഡെപ്യൂട്ടേഷന്‍ നല്കി ഇത് അന്വേഷിക്കാനും നടപടിയെടുക്കുന്നതിനും നിയോഗിക്കണം. ഇതിലേതെങ്കിലും ഒന്ന് കര്‍ശനമായി ചെയ്തില്ലെങ്കില്‍ ജയിലിനുള്ളിലെ മൊബൈല്‍ ഉപയോഗം തുടര്‍ന്നും നടന്നുകൊണ്ടേയിരിക്കും.

ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു കുറ്റവാളി ജയിലിനകത്ത് ചെയ്യുന്ന തൊഴിലിന് അര്‍ഹമായ തുക ഓരോ മാസവും അലവന്‍സായി ലഭിക്കും. തയ്യല്‍, മരം കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍, പാത്രനിര്‍മ്മാണം, ജൈവകൃഷി ഉത്പന്നങ്ങള്‍ ഉണ്ടാക്കുക, അലങ്കാര മത്സ്യങ്ങള്‍, പ്രസുകള്‍ക്ക് വേണ്ടിയുള്ള ഫയലുകള്‍, ചപ്പാത്തി ഉണ്ടാക്കുക, ആറ് കഫെറ്റേരിയകളില്‍, നാല് പെട്രോള്‍ പമ്പുകളില്‍, മൂന്ന് സലൂണുകളിലും മറ്റുമായി നിരവധി അവസരങ്ങള്‍ കേരളത്തിലെ ജയിലുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള അവസരങ്ങള്‍ നല്കാന്‍ ഒരു കാരണമുണ്ട്, ഇതിലൂടെ അവരിലെ വിരസതയകറ്റാനും, 5000-10000 രൂപ വരെ സമ്പാദിച്ച് കുടുംബത്തിന് അയയ്ക്കുന്നതിനും സാധിക്കും. മാത്രമല്ല കുറ്റവാളി ശിക്ഷിക്കപ്പെട്ട കേസ്, അതായത് കൊലക്കുറ്റത്തിന് ആണെങ്കില്‍ കൊലചെയ്യപ്പെട്ട ആളുടെ കുടുംബത്തിന് ഈ തുകയുടെ മൂന്നിലൊന്ന് കൊടുക്കാനുള്ള ഒരു പദ്ധതിക്ക് കൂടി ഇന്ത്യ ഗവണ്‍മെന്റും കേരള സര്‍ക്കാരും തുടക്കം കുറിച്ചിരുന്നു. ഈ പദ്ധതി തിഹാര്‍ ജയിലില്‍ നന്നായി പോകുന്നതിനിടയില്‍ ഡല്‍ഹി ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും ഇത് തടഞ്ഞുകൊണ്ട് ഒരു സ്റ്റേ പുറപ്പെടുവിച്ചിരുന്നു. ഇന്ത്യ ജനാധിപത്യ രാജ്യമായതിനാല്‍ മരിച്ചയാളുടെ കുടുംബത്തിനെ സര്‍ക്കാരാണ് നോക്കേണ്ടതെന്നും അല്ലാതെ ജയില്‍ പുള്ളിയുടെ അലവന്‍സില്‍ നിന്നുമല്ല തുക എടുക്കേണ്ടത് എന്നുമായിരുന്നു കോടതിയുടെ പരാമര്‍ശം. എന്നാല്‍ അതിനുവേണ്ടി കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന വിശ്വാസത്തിലാണ് കേരള ഗവണ്‍മെന്റും.

കേരളത്തില്‍ ഒരു തവണ കുറ്റം ചെയ്ത് ശിക്ഷിക്കപ്പെട്ടുകഴിഞ്ഞ ആളുകള്‍ തുടര്‍ന്ന് സമൂഹത്തില്‍ അതേ തെറ്റ് ആവര്‍ത്തിക്കാന്‍ മടിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന ആളുകള്‍ക്ക് ഒരു തൊഴില്‍ പഠിപ്പിച്ചുകൊടുത്ത് നേര്‍വഴി കാണിച്ച് നല്ല വ്യക്തിത്വം ഉണ്ടാക്കാന്‍ സാധിക്കും. ഒരു ജയിലിന്റെ അവസ്ഥ നല്ലതാണോ അല്ലയോ എന്നത് അവിടെ വിചാരണ നടക്കുന്ന ആളുകളുടെ എണ്ണം കൂടുതലാണോ കുറവാണോ എന്ന് നോക്കിയാണ് വിലയിരുത്തേണ്ടത്. ഉത്തര്‍പ്രദേശില്‍ ഏകദേശം ഒരു ലക്ഷത്തി ഏഴായിരം കുറ്റവാളികള്‍ ജയിലിലുള്ളപ്പോള്‍ 78000 പേര്‍ വിചാരണ കുറ്റവാളികളായിരുന്നു. ഇതൊരു വളരെ മോശം അവസ്ഥയാണെന്ന് പറയാനാകും. അതേസമയം കേരളത്തിലെ ജയിലുകളില്‍ ഏകദേശം 4000 ആളുകള്‍ക്ക് ശിക്ഷ ലഭിക്കുകയും 3500 ഓളം ആളുകള്‍ വിചാരണ കാത്തുകിടക്കുകയും ചെയ്യുന്നു. ഇതിന് കാരണം കൊവിഡ് മൂലം വിചാരണയ്ക്ക് തടസ്സം വരികയും നീട്ടിവയ്ക്കുകയും ചെയ്തതാണ്. ജയില്‍വകുപ്പില്‍ ഇത്രയും നല്ല കാര്യങ്ങള്‍ നടക്കുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ഒറ്റപ്പെട്ട അനാസ്ഥയോ അച്ചടക്ക ലംഘനമോ ഉണ്ടാകുന്നത് കേരള സര്‍ക്കാരിന്റെ മറ്റു വകുപ്പുകളില്‍ നടക്കുംപോലെ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!