Naattuvaartha

News Portal Breaking News kerala, kozhikkode,

താമരശ്ശേരി മേഖലയിലെ അനധികൃത ഖനനങ്ങള്‍ക്കും കുന്നിടിക്കലിനുമെതിരെ റവന്യൂ വകുപ്പ് നടപടി ശക്തമാക്കി

താമരശ്ശേരി: മേഖലയിലെ അനധികൃത ഖനനങ്ങള്‍ക്കും കുന്നിടിക്കലിനുമെതിരെ റവന്യൂ വകുപ്പ് നടപടി ശക്തമാക്കി. പ്രത്യേക സ്‌ക്വാഡ് ബുധനാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ നാല് വാഹനങ്ങളും ഉച്ചയോടെ ഒരു വാഹനവും പിടിച്ചെടുത്തു. താമരശ്ശേരിയലും പുതുപ്പാടിയിലുമാണ് മിന്നല്‍ പരിശോധന നടത്തിയത്.

താമരശ്ശേരി താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ അനധികൃത കുന്നിടിക്കലും വയല്‍ നികത്തലും പാറ ഖനനവും വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് റവന്യൂ സ്വ്കാഡ് മിന്നല്‍ പരിശോധന നടത്തിയത്. താമരശ്ശേരി ടൗണിനോട് ചേര്‍ന്ന് കാരാടിയില്‍ അനധികൃതരമായി കുന്നിടിക്കുകയായിരുന്ന ജെ സി ബി യും മണ്ണ് കടത്തുകയായിരുന്ന ടിപ്പര്‍ ലോറിയും സ്‌ക്വാഡ് പിടിച്ചെടുത്തു. ആളുകളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ പ്ലാസ്റ്റിക് കൊണ്ട് മറച്ചാണ് കുന്നിടിച്ചിരുന്നത്.

ഉച്ചയോടെ ഇവിടെ വീണ്ടും പാറ ഖനനം നടക്കുന്നതായ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി തഹസില്‍ദാര്‍ ബാലരാജന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും കംബര്‍സര്‍ പിടികൂടുകയും ചെയ്തു. പുതുപ്പാടി വില്ലേജില്‍ പെട്ട കാക്കവയല്‍ വനപര്‍വം പ്രദേശത്തെ അനധികൃത പാറ ഖനനവും റവന്യൂ സ്‌ക്വാഡ് പിടികൂടി.

പാറ പൊട്ടിക്കാനുപയോഗിച്ചിരുന്ന ഹിറ്റാച്ചി എസ്‌കവേറ്റര്‍, കമ്പര്‍സര്‍ എന്നിവ കസ്റ്റഡിയിലെടുത്തു. വലിയ ലോറിയില്‍ കയറ്റിയാണ് എസ്‌കവേറ്റര്‍ താലൂക്ക് ഓഫീസ് പരിസരത്ത് എത്തിച്ചത്. താമരശ്ശേരി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ളാര്‍ക്ക്മാരായ ടി കെ സുന്ദരന്‍, സനില്‍കുമാര്‍, ജഗന്നാഥന്‍, ഡ്രൈവര്‍ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും ജില്ലാ ജിയോളജി ഓഫീസര്‍ക്കും റിപ്പോര്‍ട്ട് നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!