നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരായ പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരായ പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പുനര്‍വിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നത്. 16 പേരുടെ പട്ടികയില്‍ ഏഴുപേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരില്‍നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പ്രോസിക്യൂഷന്റെ ഈ ആവശ്യം വിചാരണ കോടതി നിരാകരിച്ചു. മൂന്നുപേരുടെ പുനര്‍വിസ്താരത്തിന് മാത്രമാണ് കോടതി അംഗീകാരം നല്‍കിയത്. രണ്ടുപേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്താനും കോടതി അനുമതി നല്‍കി. എന്നാല്‍ ഇത് പോരെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
