മെഡിക്കല്‍ കോളേജില്‍ നഴ്സിന്റെ വേഷത്തില്‍ എത്തി തട്ടിയെടുത്ത കുഞ്ഞിനെ ലോഡ്ജില്‍ നിന്ന് കണ്ടെത്തി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും മാതാവിന്റെ പക്കല്‍ നിന്ന് കടത്തിയ നവജാത ശിശുവിനെ സമീപത്തെ ലോഡ്ജില്‍ നിന്ന് കണ്ടെത്തി. നഴ്സിന്റെ വേഷത്തിലെത്തി കുഞ്ഞിനെ കടത്തിയ സ്ത്രീയെ കോട്ടയം മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റു ചെയ്തു. കളമശ്ശേരിയിലാണ് ഇവരുടെ വീടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതു ശരിയാണോ എന്നകാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. മാസം തികയാതെ ജനിച്ചതിനാല്‍ കൂടുതല്‍ പരിശോധന വേണമെന്ന് മാതാവിനെ ധരിപ്പിച്ചാണ് കുട്ടിയെ ഇവര്‍ കൈക്കലാക്കിയത്. മഞ്ഞ നിറം കൂടുതലുണ്ട് എന്ന കാരണം പറഞ്ഞാണ് ഇവര്‍ മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുപോയത്. തുടര്‍ന്ന് ഈ സ്ത്രീ കുഞ്ഞിനേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോവുകയായിരുന്നു.

ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് കുട്ടിയുടെ അമ്മ നഴ്സിങ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കി. ഡ്യൂട്ടി നഴ്സുമാര്‍ ആരും കുഞ്ഞിനെ ആവശ്യപ്പെട്ടില്ലെന്നു വ്യക്തമായതോടെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ ആശുപപത്രിയും പരിസരവും പരിഭ്രാന്തരായി. ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ പരക്കെ അന്വേഷണം തുടങ്ങി. പിങ്ക് നിറത്തിലുള്ള ചുരിദാര്‍ ധരിച്ച സ്ത്രീ കുട്ടിയേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ വ്യാപകമാക്കി. പോലീസിന്റെയും ആശുപത്രി അധികൃതരുടെയും നാട്ടുകാരുടെയും ഊര്‍ജ്ജിതമായ തിരച്ചിലിനൊടുവില്‍ കുഞ്ഞിനെ സമീപത്തുള്ള ഹോട്ടലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ പോലീസ് കുട്ടിയെ തിരികെ ആശുപത്രിയിലേക്ക് എത്തിച്ച് അമ്മയ്ക്ക് കൈമാറുകയും ചെയ്തു. ഇവര്‍ ഇതിനുമുമ്പും ആശുപത്രി പരിസരത്ത് വന്നിട്ടുണ്ടെന്ന് ചിലര്‍ പറയുന്നു.

