വഖ്ഫ് കെട്ടിടം പൊളിച്ചുമാറ്റാന്‍ കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ്

കോഴിക്കോട്: കോര്‍ട്ട് റോഡ് സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപം സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള വഖ്ഫ് കെട്ടിടം പൊളിച്ചുമാറ്റാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. കെട്ടിടവുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നതിനാല്‍ അടിയന്തരമായി പൊളിച്ചു മാറ്റി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗരി ടി എല്‍ റെഡ്ഡി കോഴിക്കോട് കോര്‍പറേഷന് നിര്‍ദേശം നല്‍കി.

കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഗണിച്ചാണ് നടപടി. അന്യാധീനപ്പെടുന്ന വഖ്ഫ് സ്വത്തുക്കള്‍ക്ക് ഉദാഹരണമായി നിലകൊണ്ട കെട്ടിടത്തിന്റെ ചെറിയ ഭാഗം പൊളിഞ്ഞു വീണു. ഇത് സംബന്ധിച്ച് കോഴിക്കോട് കോര്‍പറേഷന്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ അനുമതി തേടി ജില്ലാ കലക്ടറെ സമീപിച്ചതിനെ തുടര്‍ന്നാണ് കലക്ടറുടെ ഉത്തരവ്. കെട്ടിടം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കോര്‍പറേഷന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ലെന്ന ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കെട്ടിടം പൊളിക്കാന്‍ ഇതുവരെ കഴിയാതിരുന്നതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

പുതിയറ മാളിയേക്കല്‍ മമ്മു ഹാജി വക വഖ്ഫ് കെട്ടിടമാണിത്. കിട്ടുന്ന വരുമാനം കുടുംബത്തില്‍പ്പെട്ട അംഗങ്ങള്‍ക്ക് അത്താണിയാകട്ടെ എന്ന ഉദ്ദേശ്യത്തിലാണ് മമ്മു ഹാജി കെട്ടിടം വഖ്ഫ് ചെയ്തത്. ഓടോടുകൂടിയ ഈ കെട്ടിടത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കെ ടി സി പ്രിന്റിംഗ് പ്രസ്സിന് വാടകക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ഒഴിയാന്‍ തയ്യാറാകുന്നില്ലെന്നാണ് മാളിയേക്കല്‍ തറവാട്ടിലെ ഇന്നത്തെ കുടുംബാംഗങ്ങളുടെ പരാതി. ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ബോര്‍ഡില്‍ നിന്ന് അനുകൂല വിധിയുണ്ടായിരുന്നുവെങ്കിലും വാടകക്കാര്‍ ട്രൈബ്യൂണലിനെ സമീപിക്കുകയും തുടര്‍ന്ന് കേസ് ഹൈക്കോടതിയിലെത്തുകയുമായിരുന്നു.
കോടതി നടപടികളില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കെട്ടിടം പൊളിഞ്ഞു വീണത്. പൊളിഞ്ഞുവീണത് ഞായറാഴ്ചയായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. കെട്ടിടം പൊളിഞ്ഞുവീണതിന് പിന്നാലെ അടര്‍ന്ന ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റുകയായിരുന്നു. ടാര്‍പായ കൊണ്ട് മറച്ച് സൂക്ഷിച്ചിട്ടുണ്ട്. എങ്കിലും അപകടാവസ്ഥയിലാണ് കെട്ടിടം ഇപ്പോഴുമുള്ളത്.
തറവാട് അംഗങ്ങള്‍ കഴിഞ്ഞ ദിവസം അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വഖ്ഫ് ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം 28ന് വഖ്ഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷനല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥനെത്തി പരിശോധന നടത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കി തുടര്‍ നടപടി സ്വീകരിക്കുന്നതിനിടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിഞ്ഞത്. അതേസമയം, വഖ്ഫ് കെട്ടിടം പൊളിച്ചു മാറ്റുമ്പോള്‍ അതേ രൂപത്തില്‍ തന്നെ കെട്ടിടം പണിയേണ്ടതുണ്ട്. ഈ കെട്ടിടം പൊളിക്കുന്നതോടെ പുതിയ വഖ്ഫ് കെട്ടിടം തറവാട് അംഗങ്ങള്‍ പണിയാനാണ് സാധ്യത.
