പുരുഷന്‍മാരെ ഭീഷണിപ്പെടുത്തുകയും വ്യാജ പീഡന പരാതികള്‍ കൊടുക്കുകയും ചെയ്ത യുവതി അറസ്റ്റില്‍


ഗുരുഗ്രാം: നിരവധി പുരുഷന്‍മാര്‍ക്കെതിരെ വ്യാജ ലൈംഗിക പീഡന പരാതി നല്‍കുകയും ഹണി ട്രാപ്പില്‍ പെടുത്തുകയും ചെയ്ത കേസില്‍ 22 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ബിരുദവിദ്യാര്‍ത്ഥിയായ യുവതിയെയാണ് ഗുരുഗ്രാമില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എട്ട് പുരുഷന്‍മാര്‍ക്കെതിരെയാണ് ഇവര്‍ ലൈംഗിക പീഡന പരാതികള്‍ നല്‍കിയിട്ടുള്ളത്. യുവതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. യുവതിയുടെ അമ്മയും നരേന്ദര്‍ യാദവ് എന്ന് പേരുള്ളയാളും ഹണി ട്രാപ്പ് റാക്കറ്റില്‍ കണ്ണികളാണെന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ ഇപ്പോള്‍ ഒളിവിലാണെന്നും എ സി പി പ്രീത് പാല്‍ സിംഗ് സംഗ്വാന്‍ പറഞ്ഞു. എല്ലാ കോണില്‍ നിന്നും കേസ് അന്വേഷിക്കുകയാണ്. യുവതിയുടെ അമ്മയെയും മറ്റൊരു പ്രതിയെയും കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും എ സി പി വ്യക്തമാക്കി.

ഒക്ടോബറില്‍ ഒരു സാമൂഹ്യപ്രവര്‍ത്തകനാണ് ആദ്യമായി ഇവര്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംസ്ഥാന വനിതാകമ്മീഷന്‍ പിന്നീട് ഏറ്റെടുക്കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കര്‍ണാല്‍ സ്വദേശിയായ ഒരു സ്ത്രീ പ്രതിക്കെതിരെ ന്യൂ കോളനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഒരു മുറി വാടകയ്‌ക്കെടുക്കാന്‍ വേണ്ടി പരസ്യത്തില്‍ നിന്ന് ലഭിച്ച നമ്പറിലേക്ക് മകന്‍ ഫോണ്‍ ചെയ്തിരുന്നു. ഫോണെടുത്തത് ഒരു യുവതിയാണ്. പിന്നീട് യുവതി മകനെ വിളിക്കുമായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് ഇവര്‍ മകനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നും സ്ത്രീ പരാതിയില്‍ പറയുന്നു.


