പാചകവാതക വിതരണ ഏജന്‍സികള്‍ക്കെതിരെ വ്യാപകമായി പരാതികള്‍ ഉയരുന്നു

കോഴിക്കോട്: ഗ്യാസ് ഏജന്‍സികള്‍ അര്‍ഹമായ പ്രാധാന്യത്തോടെ പരാതികള്‍ പരിഗണിക്കുന്നില്ലെന്ന് ജില്ലയിലെ പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമായി നടന്ന ഓപണ്‍ ഫോറത്തില്‍ ഗുണഭോക്താക്കള്‍ പരാതിപ്പെട്ടു. ജില്ലയിലെ പാചകവിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ജില്ല സപ്ലൈ ഓഫിസിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച എല്‍ പി ജി ഫോറത്തിലാണ് പരാതിയുയര്‍ന്നത്. അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് സി മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയിലാണ് അദാലത് നടത്തിയത്. സിലിണ്ടറുകള്‍ക്ക് അമിതവില ഈടാക്കല്‍, റീഫില്‍ ചെയ്യുമ്പോള്‍ പാചക വാതകത്തിന്റെ അളവ് കുറക്കല്‍, എല്‍ പി ജി അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ ഗ്യാസ് ഏജന്‍സികള്‍ ഗുണഭോക്താക്കളെ നിര്‍ബന്ധിക്കല്‍, വാതകച്ചോര്‍ച്ച സംബന്ധിച്ച പരാതികള്‍ യഥാസമയം പരിഗണിക്കാതിരിക്കല്‍, ബില്‍ നല്‍കാതിരിക്കല്‍ തുടങ്ങിയ പരാതികളാണ് പ്രധാനമായും ലഭിച്ചത്.

ജീവനക്കാരില്‍നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നതായും പ്രവൃത്തിദിവസങ്ങളില്‍ ഗ്യാസ് ഏജന്‍സി ഓഫിസുകള്‍ തുറക്കാതിരിക്കുന്നതായും പരാതി ഉയര്‍ന്നു. അറിയിപ്പില്ലാതെ ബുക്കിങ് ക്യാന്‍സലാവുന്നു, ബുക്കിങ് സമയത്തെ തുകയേക്കാള്‍ കൂടുതല്‍ ഡെലിവറി സമയത്ത് ഈടാക്കുന്നു, ഡെലിവറി ബോയ് ബില്‍ നല്‍കുന്നില്ല, ഉജ്ജ്വല്‍ ഗ്യാസ് കണക്ഷന്‍ അനുവദിച്ച് വര്‍ഷങ്ങളായിട്ടും കണക്ഷന്‍ ലഭിച്ചില്ല, ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന് നഷ്ടപരിഹാരം ലഭിച്ചില്ല തുടങ്ങിയ പരാതികളും അദാലത്തില്‍ ലഭിച്ചു. ഗ്യാസ് സബ്‌സിഡി പുനഃസ്ഥാപിക്കണമെന്ന് ഗുണഭോക്താക്കള്‍ ആവശ്യപ്പെട്ടു. ക്രമക്കേടുകള്‍ കാണിക്കുന്നവര്‍ക്കെതിരെയും നിരുത്തരവാദപരമായി പെരുമാറുന്നവര്‍ക്കെതിരെയും മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡ്ലൈന്‍ വകുപ്പ് 3(6) പ്രകാരം കര്‍ശന ശിക്ഷാനടപടികള്‍ കൈക്കൊള്ളുമെന്ന് എ ഡി എം അറിയിച്ചു. ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം ഉപയോഗപ്പെടുത്തിയാല്‍ ഡെലിവറി പോയന്റില്‍ അമിതവില ഈടാക്കുന്നത് തടയാനും അറിയിപ്പില്ലാതെ ബുക്കിങ് കാന്‍സലാകുന്നത് ഒഴിവാക്കാനും കഴിയുമെന്ന് ഓയില്‍ കമ്പനി പ്രതിനിധികള്‍ പറഞ്ഞു.

മുന്‍കൂര്‍ പണമടക്കുന്ന സാഹചര്യത്തില്‍ ഡെലിവറി സമയത്ത് വിപണിയില്‍ പാചകവാതക വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലിനനുസരിച്ച് ബില്‍ തുകയില്‍ കുറവോ കൂടുതലോ ഉണ്ടാകാമെന്നും അവര്‍ ചൂണ്ടിക്കാട്ടി. സുരക്ഷ മുന്‍നിര്‍ത്തി ഗ്യാസ് സ്റ്റൗവും അനുബന്ധ ഉപകരണങ്ങളും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധമായും പരിശോധിക്കാനും ഐ എസ് ഒ മുദ്രയുള്ള ഹോസ് മാത്രം ഉപയോഗിക്കാനും ഓയില്‍ കമ്പനി പ്രതിനിധികള്‍ നിര്‍ദേശിച്ചു. തൂക്കം, വാതകച്ചോര്‍ച്ച എന്നിവ ഡെലിവറി പോയന്റില്‍ത്തന്നെ ഗുണഭോക്താക്കള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു. വിതരണക്കാരില്‍നിന്നുള്ള മോശം പെരുമാറ്റം ഒഴിവാക്കാന്‍ അവര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാന്‍ ഗുണഭോക്താക്കളുടെ സംഘടന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സുരക്ഷിതമായ എല്‍ പി ജി ഉപയോഗം സംബന്ധിച്ച് ഗുണഭോക്താക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ഗുണഭോക്തൃ സംഘടനകളുടെ സഹകരണത്തോടെ സെക്യൂരിറ്റി ക്ലിനിക് നടത്താമെന്ന് ഓയില്‍ കമ്പനി പ്രതിനിധികള്‍ അറിയിച്ചു. ജില്ല സപ്ലൈ ഓഫിസര്‍ കെ രാജീവ്, ഓയില്‍ കമ്പനി പ്രതിനിധികളായ അരുണ്‍ മോഹന്‍, റജീന ജോര്‍ജ്, പി കെ സന്ദീപ്, ജില്ല സപ്ലൈ ഓഫിസ് സൂപ്രണ്ട് സി സദാശിവന്‍, കണ്‍സ്യൂമര്‍ ഫോറം പ്രതിനിധികളായ ടി കെ എ അസീസ്, സകരിയ്യ പള്ളിക്കണ്ടി, സലാം വെള്ളയില്‍, പരാതിക്കാര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് നേരിട്ട് പങ്കെടുത്ത് പരാതികള്‍ ബോധിപ്പിക്കാനുള്ള അവസരം അദാലത്തില്‍ ഉണ്ടായിരുന്നു.
