പയ്യോളിയില്‍ പിടിമുറുക്കി ലഹരിമാഫിയ; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്


പയ്യോളി: ടൗണിലും പരിസരത്തും വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമാഫിയ പിടിമുറുക്കുന്നു. രാപകല്‍ ഭേദമന്യേ ടൗണിന്റെ ഹൃദയഭാഗത്തുപോലും കഞ്ചാവും ബ്രൗണ്‍ഷുഗറും എം ഡി എം എയും പോലെയുള്ള മയക്കുമരുന്നും സുലഭമായി ലഭിക്കുന്ന അവസ്ഥയാണുള്ളത്. ബുധനാഴ്ച നട്ടുച്ചക്കാണ് ടൗണിലെ ദേശീയപാതക്ക് സമീപത്തുനിന്ന് കാറില്‍ വിതരണം നടത്താനുള്ള ശ്രമത്തിനിടെ 42 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കള്‍ പൊലീസിന്റെ പിടിയിലായത്. ഡിസംബര്‍ 18ന് അര്‍ധരാത്രി കോഴിക്കോട് നഗരത്തില്‍ പയ്യോളി ടൗണിലെ ബേക്കറി ഉടമയെയും ചേളന്നൂര്‍ സ്വദേശിയെയും കാറില്‍ മയക്കുമരുന്ന് കടത്തവെ എക്‌സൈസ് വിഭാഗം പിടികൂടി. 820 മില്ലിഗ്രാം എം ഡി എം എ ആണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. മൂന്നാഴ്ചക്കുള്ളില്‍ നടന്ന തുടര്‍ച്ചയായ രണ്ടു സംഭവങ്ങളോടെ പയ്യോളിയില്‍ മയക്കുമരുന്ന് ലോബി ശക്തമായിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുതല്‍ സാധാരണ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ വരെ മയക്കുമരുന്ന് മാഫിയയുടെ ഇരകളായി കഴിഞ്ഞു.

ബസ്സ്റ്റാന്‍ഡിന് പിറകിലെ നിര്‍മാണം പൂര്‍ത്തിയാവാത്ത ഒഴിഞ്ഞ കെട്ടിടങ്ങളിലും ബീച്ച് റോഡിലെയും മത്സ്യമാര്‍ക്കറ്റ് പരിസരത്തെ ജനസാന്നിധ്യമില്ലാത്ത ഒഴിഞ്ഞ കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് മയക്കുമരുന്ന് വിതരണക്കാരുടെ പ്രധാന കേന്ദ്രങ്ങള്‍. ഗ്രാമിന് ലക്ഷം രൂപ വരെ വിലയുള്ള എം ഡി എം എ അടക്കം സിഗരറ്റ് രൂപത്തിലാക്കി ഉപയോഗിക്കുന്നതു കൊണ്ട് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ ആവാത്ത സ്ഥിതിയാണ്. ഇരുചക്രവാഹനങ്ങളിലെത്തി കെട്ടിടങ്ങളുടെ മറവിലാണ് വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗം. പേരാമ്പ്ര റോഡിലെ വ്യാപാരകേന്ദ്രത്തിന് പിറകുവശം ഇത്തരത്തില്‍ സ്ഥിരം കേന്ദ്രമാക്കിയതായി സംശയം തോന്നിയ സാഹചര്യത്തില്‍ വ്യാപാരികള്‍ ഇടപെട്ടതോടെ ഇവര്‍ പിന്‍വലിയുകയായിരുന്നു. മയക്കുമരുന്ന് മാഫിയ ടൗണിലും പരിസരത്തും പിടിമുറുക്കിയിട്ടും പരിശോധനകളോ നടപടിയോ എടുക്കാതെ എക്‌സൈസ് വിഭാഗവും പൊലീസും നിസ്സംഗത പാലിക്കുന്നതിനെതിരെ ജനരോഷം ശക്തമാണ്. പയ്യോളിയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയസമിതി രൂപവത്കരിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ടൗണില്‍ നടക്കുന്ന പന്തം കൊളുത്തി പ്രകടനത്തോടെ പ്രക്ഷോഭത്തിന് തുടക്കമാവും.


