മൂന്നാറില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനായ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഇടുക്കി: മൂന്നാറില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനായ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. മൂന്നാറില്‍ പോലിസ് ഡ്രൈവറായിരുന്ന കൊന്നത്തടി സ്വദേശി ശ്യാം കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇടുക്കി എസ് പി യുടേതാണ് നടപടി. ദേവികുളത്ത് ഐ സി ഡി എസ് ജീവനക്കാരിയായിരുന്ന ഷീബ ഡിസംബര്‍ 31 നാണ് തുങ്ങിമരിച്ചത്. മൂന്നാര്‍ പോലീസ് സ്റ്റേഷനിലായിരുന്ന ശ്യാം കുമാറുമായി ഷീബ പ്രണയത്തിലായിരുന്നു. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പോലീസ് ഉദ്യോഗസ്ഥന്‍ വഞ്ചിച്ചെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

സൗഹൃദം പിന്നീട് വളര്‍ന്ന് വിവാഹം വരെ എത്തിയെങ്കിലും ഇയാള്‍ ശാന്തന്‍പാറയിലേക്ക് സ്ഥലം മാറിപ്പോയി. എന്നാല്‍ ഫോണിലൂടെ ഇരുവരും നിരന്തരം ബന്ധപ്പെട്ടിരുന്നു. മരണത്തിന് തലേ ദിവസവും ഇരുവരും കണ്ടുമുട്ടിയതായാണ് സൂചന. ഇതുസംബന്ധിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. നര്‍ക്കോട്ടിക് ഡിവൈഎസ് പിക്കായിരുന്നു അന്വേഷണ ചുമതല. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ് പി ശ്യാം കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.

