മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കുന്ന മുദ്രാവാക്യവുമായി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കുന്ന മുദ്രാവാക്യം വിളിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്തു. സത്യേഷ് ബലിദാനി ദിനത്തിലായിരുന്നു ആര്‍ എസ് എസ്സിന്റ കൊലവിളി. കഴിഞ്ഞ നാലാം തിയതിയാണ് സത്യേഷ് ബലിദാനി ദിനത്തിന്റെ ഭാഗമായി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. അന്നു തന്നെ വഴി തടസ്സപ്പെടുത്തി പ്രകടനം നടത്തിയതിന് ആര്‍ എസ് എസ്, ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് വധഭീഷണി മുഴക്കുന്ന മുദ്രാവാക്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിനുറുക്കി കൊലപ്പെടുത്തുമെന്നാണ് വീഡിയോയില്‍ ഭീഷണിപ്പെടുത്തുന്നത്. സി പി ഐ എമ്മിനെതിരെയും ഡി വൈ എഫ് ഐ ക്കെതിരെയും പ്രകോപനമുദ്രാവാക്യം മുഴക്കുന്നുണ്ട്. മുദ്രാവാക്യത്തിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ കൊടുങ്ങല്ലൂര്‍ പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ഊമന്തറ സ്വദേശികളായ അജയ്, സഞ്ജയ്, ഉണ്ണിക്യഷ്ണന്‍ തുടങ്ങിയ ബി ജെ പി സംഘമാണ് മുദ്രാവാക്യം വിളിച്ചത്.

