ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ‘നമ്മള്‍ ബേപ്പൂര്‍’ സ്വീകരണം നല്‍കി

കോഴിക്കോട്: ബേപ്പൂര്‍ ഫെസ്റ്റ് കേസോ അപകടമോ കൂടാതെ സമാധാനപരമായി പൂര്‍ത്തിയാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കും കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ‘നമ്മള്‍ ബേപ്പൂര്‍’ കൂട്ടായ്മ ബേപ്പൂരില്‍ സ്വീകരണം നല്‍കി. വിനോദ സഞ്ചാര വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്ടെ പ്രധാന കേന്ദ്രങ്ങള്‍ക്കിടയില്‍ ബേപ്പൂരും സ്ഥാനം പിടിച്ചു എന്നുള്ളത് ഏറെ സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു. ഇതുപോലെ പുതിയ പുതിയ കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുക്കാനാകണം. വയനാട്ടിലും കണ്ണൂരിലും കാസര്‍ഗോട്ടുമെല്ലാം ഇത്തരത്തില്‍ പ്രശാന്തമായ പല സ്ഥലങ്ങളുമുണ്ട്. ഇത്തരം സ്ഥലങ്ങളിലേക്ക് വിദേശത്തെയും ഇന്ത്യയിലെയും അതേ ജില്ലയിലെതന്നെയും ആ കേന്ദ്രത്തിനു സമീപ പ്രദേശങ്ങളിലെയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയണം. അത്തരത്തിലുള്ള പ്രവര്‍ത്തനമാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് വമ്പിച്ച വിജയമാക്കിത്തീര്‍ക്കുന്നതില്‍ പോലീസും ബേപ്പൂരിലെ ജനങ്ങളും ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ബേപ്പൂര്‍ ഡവലപ്‌മെന്റ് മിഷന്‍, നമ്മള്‍ ബേപ്പൂര്‍ തുടങ്ങിയ സംഘടനകളും വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പോലീസിന്റെ നയവും ശ്രമങ്ങളും ഇടപെടലും എടുത്തു പറയേണ്ടതാണ്. കഠിനാധ്വാനം ചെയ്യുന്നവരാണ് പോലീസുകാര്‍. സാമൂഹ്യ പ്രവര്‍ത്തകരെ പോലെയാണ് പോലീസ് ഇടപെടുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ഒറ്റക്കെട്ടായി നിന്ന എല്ലാ കമ്മിറ്റികളെയും പ്രദേശവാസികളെയും സന്ദര്‍ശകരെയും പങ്കെടുത്ത ഓരോരുത്തരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെ ആര്‍ പ്രമോദ് അധ്യക്ഷത വഹിച്ചു. വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ വി ആര്‍ കൃഷ്ണ തേജ, ടൗണ്‍ പ്ലാനിങ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ കൃഷ്ണകുമാരി, ബേപ്പൂര്‍ ഡവലപ്‌മെന്റ് മിഷന്‍ ചെയര്‍മാന്‍ എം ഗിരീഷ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
