Naattuvaartha

News Portal Breaking News kerala, kozhikkode,

ദേശീയ ചിത്രരചനാ മത്സരം ജനവരി 22 ന്

കോഴിക്കോട്: ഇന്ത്യന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയചിത്രരചനാ മത്സരത്തിന്റെ ഒന്നാം ഘട്ടമായ ജില്ലാതല മത്സരം ജനവരി 22 ശനി രാവിലെ പത്ത് മണിക്ക് കാരപ്പറമ്പ് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഹാളില്‍ ആരംഭിക്കും. 5-9, 10-16 എന്നീ പ്രായപരിധിക്കാര്‍ക്ക് രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ക്ക് 5 -10,11-18 എന്നതാണ് പ്രായപരിധി.

കുട്ടികള്‍ നിശ്ചിത സമയത്ത് നേരിട്ടെത്തി ചിത്രരചനയില്‍ പങ്കെടുക്കേണ്ടതാണ്. രണ്ട് മണിക്കൂറാണ് മത്സരത്തിനായി അനുവദിച്ചിരിക്കുന്ന സമയം. ഓരോ ഗ്രൂപ്പിനും ചിത്രരചനക്കുള്ള വിഷയങ്ങള്‍ മത്സരത്തിന് മുമ്പ് നല്‍കും. ഡ്രോയിങ്ങ് ഷീറ്റ് സംഘാടക സമിതി ലഭ്യമാക്കും. രചനക്കാവശ്യമായ ഉപകരണങ്ങള്‍, ക്രയോണ്‍, വാട്ടര്‍ കളര്‍, ഓയില്‍ കളര്‍, പാസ്റ്റല്‍ എന്നിവ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരേണ്ടതാണ്.

ജനന തീയതി തെളിയിക്കുന്ന രേഖ, നാല്പത് ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ കൊണ്ടുവരണം. ജില്ലാതലത്തില്‍ ഓരോ വിഭാഗത്തിലെയും മികച്ച മൂന്ന് രചനകള്‍ക്ക് പ്രശസ്തിപത്രം, മൊമന്റോ എന്നിവയും ദേശീയ തലത്തില്‍ സമ്മാനിതരാവുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ്, പ്രോത്സാഹന സമ്മാനം എന്നിവ ലഭിക്കും. ജില്ലാതലത്തിലെ ഓരോ ഗ്രൂപ്പിലെയും സമ്മാനാര്‍ഹമായ രചനകളാണ് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കുട്ടികളെ മത്സരത്തില്‍ പങ്കെടുപ്പിക്കാനാവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കണമെന്ന് സ്‌ക്കൂള്‍ അധികൃതരോടും രക്ഷിതാക്കളോടും ശിശുക്ഷേമ സമിതി അഭ്യര്‍ത്ഥിച്ചു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9446449280, 9446206527 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി വി ടി സുരേഷ് അറിയിച്ചു.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!