Naattuvaartha

News Portal Breaking News kerala, kozhikkode,

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമായ കാലത്ത് സ്വയരക്ഷ നേടാന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി ദുബായ് പൊലീസ്

ദുബായ്: അടുത്തകാലത്തായി യു എ ഇയുടെ നിരവധി പ്രദേശങ്ങളില്‍നിന്നും ഓണ്‍ലൈന്‍ തട്ടിപ്പ് പരാതികള്‍ വ്യാപകമായതോടെ നിവാസികള്‍ക്ക് സ്വയം രക്ഷനേടാനുള്ള സുപ്രധാന മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി ദുബായ് പോലീസ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ യു എ ഇ സുരക്ഷാ ഏജന്‍സികള്‍ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതിന്റെ ഭാഗമായി ‘യുവര്‍ സെക്ക്യൂരറ്റി, ഔര്‍ ഹാപ്പിനെസ്സ്’ എന്ന ഹാഷ്ടാഗിന് കീഴില്‍ ദുബായ് പോലീസ് ഒരു ട്വിറ്റര്‍ ത്രെഡ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നതില്‍ നിന്ന് സ്വയം എങ്ങനെ സംരക്ഷണം നേടാമെന്നതിനെക്കുറിച്ച് നാല് സുപ്രധാന നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

*ഒരാളും തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി വെളിപ്പെടുത്തരുതെന്നാണ് പ്രധാന നിര്‍ദ്ദേശം.*

സംശയാസ്പദമായ രീതിയിലുള്ള ഫോണ്‍ കോളുകളോ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളോ ലഭിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ദുബായ് പോലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരാളും വ്യക്തിഗത വിവരങ്ങളൊന്നും ചോദിച്ച് വിളിക്കുകയില്ല.

*സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആരോടും വെളിപ്പെടുത്തരുത്, പ്രത്യേകിച്ച് അപരിചതരോട്.*

വ്യക്തിഗത വിവരങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍, ഒ.ടി.പി അല്ലെങ്കില്‍ സി വി വി കോഡുകള്‍, കാര്‍ഡുകളുടെ എക്സപയറി തീയ്യതികള്‍ എന്നിവയൊന്നും വെളിപ്പെടുത്തരുത്. അറിയാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതും വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

*ലഭിക്കാന്‍ സാധ്യതയില്ലാത്ത തരത്തിലുള്ള ആകര്‍ഷകമായ ഓഫറുകളില്‍ ഒരിക്കലും വഞ്ചിതരാകരുത്.*

മികച്ചതാണെന്ന് തോന്നുന്ന ഓഫറുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വ്യാജ ഐഡന്റിറ്റികള്‍ നല്‍കിയും നിങ്ങള്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹരായെന്നോ വിശ്വസിപ്പിക്കാനും കബളിപ്പിക്കാനും ക്രിമിനലുകള്‍ ശ്രമിച്ച് കൊണ്ടിരിക്കും.

*നിങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ആരെങ്കിലും മോഷ്ടിച്ചുവെന്നോ കൈക്കലാക്കിയെന്നോ മനസിലായാല്‍ ഉടനടി പൊലീസിനെ അറിയിക്കണം.*

ദുബായ് പോലീസിന്റെ eCrime.ae ആപ്പ് വഴിയോ അടുത്തുള്ള എസ് പി എസ് ഓഫീസുകളിലോ അല്ലെങ്കില്‍ 901 എന്ന നമ്പറിലോ വിളിച്ച് പൊലീസിന് വിവരം കൈമാറേണ്ടതാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി, ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ കുറഞ്ഞുവെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും, പണം കബളിപ്പിച്ച് കൈക്കലാക്കാനും ആളുകളെ വഞ്ചിക്കാനും ക്രിമിനലുകള്‍ പുതിയ മാര്‍ഗ്ഗങ്ങളിലൂടെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ബാങ്ക് ജീവനക്കാരായി ആള്‍മാറാട്ടം നടത്തിയാണ് ക്രിമിനലുകള്‍ കൂടുതലും വ്യക്തിഗത വിവരങ്ങളും പണവും അപഹരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!