കെ എസ് ആര്‍ ടി സി ടൂര്‍ സര്‍വീസ്: താമരശ്ശേരിയില്‍ ഹബ്ബാകും

താമരശ്ശേരി: കെ എസ് ആര്‍ ടി സി താമരശ്ശേരി ഡിപ്പോ കോഴിക്കോട് സോണിലെ ടൂറിസം ഹബ്ബായി മാറുന്നു. ഇതിനുള്ള നടപടികള്‍ നടന്നു വരുന്നതായാണ് സൂചന. വയനാട് ഭാഗത്തേക്കുള്ള ടൂര്‍ സര്‍വീസ് യാത്രക്കാര്‍ക്ക് താമരശ്ശേരി ഡിപ്പോയുടെ കീഴില്‍ താമസസൗകര്യം ഒരുക്കുക, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ ടൂര്‍ സര്‍വീസുകള്‍ ആരംഭിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുള്ള സാധ്യത പരിശോധിച്ചു വരികയാണെന്ന് കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍ പറഞ്ഞു. ടൂറിസം ഹബ് ആയി മാറുന്നതിലൂടെ കെ എസ് ആര്‍ ടി സി താമരശ്ശേരി ഡിപ്പോയുടെ വിപുലീകരണത്തിനും വഴിയൊരുങ്ങും. ഇതിന്റെ മുന്നോടിയായി താമരശ്ശേരി ഡിപ്പോയില്‍ നിന്നു കൂടുതല്‍ ടൂര്‍ സര്‍വീസുകള്‍ ആരംഭിക്കാനും തീരുമാനമായി.

താമരശ്ശേരി മൂന്നാര്‍, താമരശ്ശേരി നെല്ലിയാമ്പതി ടൂര്‍ സര്‍വീസുകളാണ് പുതുതായി തുടങ്ങുന്നത്. മൂന്നാര്‍ സര്‍വീസ് 15ന് രാവിലെ 9 ന് താമരശ്ശേരിയില്‍ ഡിപ്പോയില്‍ നിന്ന് ആരംഭിച്ച് രാത്രി മൂന്നാറില്‍ എത്തിച്ചേരും. അവിടെ പ്രത്യേകം സജ്ജീകരിച്ച സ്ലീപ്പര്‍ ബസുകളിലാണ് സന്ദര്‍ശകര്‍ക്ക് താമസ സൗകര്യം. പിറ്റേ ദിവസം പകല്‍ മൂന്നാറിലെ കാഴ്ചകള്‍ കണ്ട് വൈകിട്ട് മടങ്ങും. മൂന്നാര്‍ ടൂര്‍ സര്‍വീസിന് 1750 രൂപയാണ് ഒരാള്‍ക്ക് നിരക്ക്. ഭക്ഷണ ചെലവും വിവിധ സ്ഥലങ്ങളിലെ പ്രവേശന ഫീസും സ്വന്തമായി വഹിക്കണം. നെല്ലിയാമ്പതി ടൂര്‍ സര്‍വീസ് 16 നു പുലര്‍ച്ചെ 4ന് താമരശ്ശേരി ഡിപ്പോയില്‍ നിന്ന് പുറപ്പെടും. ഈ സര്‍വീസിന് ഭക്ഷണം ഉള്‍പ്പെടെ 1050 രൂപയാണ് ഒരാളില്‍ നിന്ന് ഈടാക്കുക. പാലക്കാടന്‍ കാഴ്ചകള്‍ കണ്ട് രാത്രി 10ന് താമരശ്ശേരിയില്‍ തിരിച്ചെത്തും. താമരശ്ശേരി ഡിപ്പോയില്‍ നിന്ന് ആദ്യം ആരംഭിച്ച തുഷാരഗിരി, വയനാട് ടൂര്‍ സര്‍വീസ് വന്‍ വിജയമായി മാറിയതും പുതിയ ടൂര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് പ്രചോദനമായി. ബുക്കിങ്ങിന്: 0495 2222217, 8848490187, 9895218975, 7902640704.

