നടന്‍ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈം ബ്രാഞ്ച്

കൊച്ചി: നടന്‍ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈം ബ്രാഞ്ച്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടെന്നാണ് കേസ്. എസ് പി കെ സുദര്‍ശന്റെ കൈവെട്ടണമെന്ന ദിലീപിന്റെ പരാമര്‍ശത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ ്ഉള്‍പ്പടെ ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ദിലീപാണ് ഒന്നാം രണ്ടാം പ്രതി സഹോദരന്‍ അനൂപും മൂന്നാം പ്രതി സുരാജും, നാലാം പ്രതി അപ്പുവും, അഞ്ചാം പ്രതി ബാബു ചെങ്ങമനാടും, ആറാം
പ്രതിയായി കണ്ടാലറിയാവുന്ന ഒരാള്‍ എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. വധഭീഷണി, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികളായ ദിലീപിനെയും പള്‍സര്‍ സുനിയെയും വിജീഷിനെയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം കേന്ദ്രീകരിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
