നവജാത ശിശുക്കളെ കടത്തുന്ന അന്തര്‍സംസ്ഥാന സംഘം പിടിയില്‍

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ നവജാത ശിശുക്കളെ കടത്തുന്ന അന്തര്‍സംസ്ഥാന സംഘം പിടിയില്‍. രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൈക്കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

പ്രതികള്‍ രണ്ട് കൈക്കുഞ്ഞുങ്ങളെ കടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. കുട്ടികളെ കടത്താന്‍ ടാക്സിയും വിളിച്ചു. യാത്രക്കിടെ സ്ത്രീകള്‍ക്ക് നിരവധി ഫോണ്‍ കോള്‍ വരുന്നുണ്ടായിരുന്നു. ഇവരുടെ സംസാരത്തില്‍ സംശയം തോന്നിയ ടാക്സി ഡ്രൈവര്‍ നേരെ ഇവരെ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

അന്വേഷണത്തില്‍ ശിശുക്കളെ ഡല്‍ഹിയില്‍ നിന്ന് രാജസ്ഥാനിലേക്ക് കടത്തി മൂന്ന് ലക്ഷം രൂപക്ക് വില്‍പന നടത്തുന്ന സംഘമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
