ഭര്‍ത്താവ് ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി

ബംഗ്ലൂരു: കര്‍ണാടകയില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി. ചിത്രദുര്‍ഗ കൊനനേരു സ്വദേശി സുമയാണ് കൊല്ലപ്പെട്ടത്. രണ്ടാമത് വിവാഹം കഴിക്കാനായാണ് നാല്‍പ്പതുകാരനായ കരിയപ്പ ഭാര്യ സുമയെ തലയ്ക്കടിച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്ത് വന്നതോടെയാണ് ഒളിവില്‍പ്പോയ പ്രതി കരിയപ്പയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 26 നാണ് സുമ കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ചിത്രദുര്‍ഗ സ്വദേശി കരിയപ്പ പൊലീസില്‍ പരാതി നല്‍കിയത്. വഴക്കിട്ട് വീട്ടില്‍ നിന്ന് ഭാര്യ സുമ ഇറങ്ങിപോയെന്നും പിന്നിട് കണ്ടിട്ടില്ലെന്നുമായിരുന്നു പരാതി. ഈ പരാതിയിലെ അന്വേഷണത്തിനിടെ കരിയപ്പയുടെ മൊഴിയിലും പെരുമാറ്റത്തിലും സംശയം തോന്നിയ പൊലീസ് വീടിനുള്ളില്‍ പരിശോധന നടത്തി സ്വീകരണ മുറിയില്‍ ആഴത്തില്‍ കുഴിയെടുത്ത് മറവ് ചെയ്ത മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്ത ശേഷം കരിയപ്പ തറ ടൈലിട്ട് ഉറപ്പിച്ചിരുന്നു. സംശയം തോന്നാതിരിക്കാന്‍ ഈ ഭാഗത്ത് ഫര്‍ണീച്ചറുകള്‍ ഇട്ട് അലങ്കരിക്കുകയും ചെയ്തു. ആറ് വര്‍ഷം മുമ്പായിരുന്നു കരിയപ്പയുടേയും സുമയുടേയും വിവാഹം. ഇരുവര്‍ക്കും അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കെട്ടിടനിര്‍മ്മാണങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന കോണ്‍ട്രാക്ടറാണ് കരിയപ്പ. കൊനനേരു സ്വദേശിയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാനായിരുന്നു ഇരുമ്പ് കമ്പി കൊണ്ട് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവുചെയ്തത്.
