ധീരജിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ഇടുക്കി: എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശി അലക്‌സ് റാഫേല്‍ എന്ന വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. ഇടുക്കി കരിമണല്‍ സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അലക്‌സിനെ ഇടുക്കിയിലേക്ക് കൊണ്ടുപോയി. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയും കെ എസ് യു യൂണിറ്റ് ഭാരവാഹിയുമാണ് അലക്‌സ്.

കൊലപാതകത്തില്‍ അലക്‌സിനു പങ്കുണ്ടെന്നാണ് വിവരം. നേരിട്ട് പങ്കുണ്ടോ എന്നതില്‍ വ്യക്തതയില്ല. കൊലപാതകത്തിനു പിന്നാലെ അലക്‌സ് കോളജില്‍ നിന്ന് മുങ്ങി വീട്ടിലേക്ക് പോയിരുന്നു. ധീരജിന്റെ കൊലപാതകത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ധീരജിന്റെ വലത്ത് നെഞ്ചിലേറ്റ ആഴത്തിലുള്ള ഒറ്റമുറിവാണ് മരണകാരണമെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയുടെയും സുഹൃത്ത് ജെറിന്‍ ജോജോയുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോളജിലെത്തിയത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണെന്ന് നിഖില്‍ പൈലി പൊലീസിന് മൊഴി നല്‍കി. പേനാ കത്തി സ്വയ രക്ഷയ്ക്ക് കരുതിയതാണെന്നാണ് മൊഴി.

ഇന്നലെയാണ് ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. കണ്ണൂര്‍ സ്വദേശിയാണ്. ക്യാമ്പസിനകത്തെ കെ എസ് യു-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഭാഗമായുള്ള കോളജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെ പുറത്ത് നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയതാണ് കൊലപാതകത്തിലേക്കെത്തിച്ചത്. കൊലപാതകത്തിന് ശേഷം ബസില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നിഖില്‍ പൈലിയെ പൊലീസ് പിടികൂടിയത്.
