ആംബുലന്‍സ് ദുരുപയോഗം ചെയ്ത സംഭവത്തില്‍ വാഹനം പോലീസ് പിടിച്ചെടുത്തു

കായംകുളം: ആംബുലന്‍സ് ദുരുപയോഗം ചെയ്ത സംഭവത്തില്‍ വാഹനം നൂറനാട് പൊലീസ് പിടിച്ചെടുത്തു. ആംബുലന്‍സ് ഉടമയ്ക്കും ഡ്രൈവര്‍ക്കും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് നോട്ടിസ് നല്‍കി. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് ജില്ലാ ആര്‍ ടി ഒ സജി പ്രസാദ് പറയുന്നത്. ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ പെര്‍മിറ്റും സസ്പെന്‍ഡ് ചെയ്യുമെന്നും എം വി ഡി വ്യക്തമാക്കി.

കായംകുളം കറ്റാനത്താണ് ആംബുലന്‍സില്‍ വധു വരന്മാര്‍ യാത്ര ചെയ്തത്. കായംകുളം ഏയ്ഞ്ചല്‍ ആംബുലന്‍സ് സര്‍വീസിന്റെ വാഹനമാണ് വിവാഹയാത്രയ്ക്കായി ഉപയോഗിച്ചത്. അത്യാഹിത സമയത്ത് ആളുകളെ കൊണ്ടുപോകുന്നതിന് സമാന രീതിയിലാണ് സൈറന്‍ മുഴക്കി വധു വരന്മാര്‍ യാത്ര ചെയ്തത്. സംഭവത്തില്‍ പരാതിയുമായി ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അത്യാഹിത സര്‍വീസ് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആര്‍ ടി ഒയും അറിയിച്ചിരുന്നു.

