Naattuvaartha

News Portal Breaking News kerala, kozhikkode,

കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ അറസ്റ്റില്‍

കോഴിക്കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ പൊലീസ് പിടിയിലായി. മലപ്പുറം നിലമ്പൂര്‍ സ്വദേശി അബ്ദുളളക്കുട്ടിയെയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം വയനാട്ടില്‍ വച്ച് പിടികൂടിയത്. കോഴിക്കോട് ഇയാള്‍ക്കെതിരെ 100 കേസുകള്‍ നിലവിലുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുളള കൊഡിഷ് നിധി ലിമിറ്റഡ് എന്ന പേരില്‍ പണമിടപാട് സ്ഥാപനം തുടങ്ങിയായിരുന്നു തട്ടിപ്പ്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് 10 മുതല്‍ 12 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു ധനസമാഹരണം.

കോഴിക്കോട് ജില്ലയിലെ ശാഖകളില്‍ നിന്ന് ഇത്തരത്തില്‍ അബ്ദുളളക്കുട്ടി 4 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. മാസങ്ങളായി ഒളിവില്‍ പോയ ഇയാള്‍ക്കെതിരെ പൊലീസ് ലുക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വയനാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ്  രഹസ്യവിവരത്തെ തുടര്‍ന്ന് അബ്ദുളളക്കുട്ടിയെ ക്രൈംബ്രാഞ്ച് സംഘം പിടികൂടുകയായിരുന്നു. അബ്ദുളളക്കുട്ടിയെ അറസ്റ്റ് ചെയ്തതറിഞ്ഞ് തട്ടിപ്പിനരയായവര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. നിക്ഷേപിച്ച പണം തിരികെ കിട്ടാനുളള നടപടികള്‍ പൊലീസ് വേഗത്തിലാക്കണമെന്നാണ് ഇവരുടെ ആവശ്യം

ഇയാള്‍ക്കെതിരെ കിട്ടിയ പരാതികള്‍ പ്രകാരം നൂറുകേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്ന ചെറുവണ്ണൂര്‍ ശാഖയില്‍ മാത്രം 1.5 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് നിക്ഷേപകരുടെ പരാതി. സമാന രീതിയില്‍ ഈസ്റ്റ് ഹില്‍, വടകര, എന്നീ ശാഖകളിലും കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ തട്ടിപ്പിന്റെ കൂടുതല്‍ വശങ്ങളെക്കുറിച്ച് വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ സ്വത്ത് കണ്ടുകെട്ടാനുളള നടപടിക്കും നീക്കം തുടങ്ങിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!