രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങുകള്‍ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞുകൊന്നു

ഉത്തര്‍പ്രദേശ്: വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങുകള്‍ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞുകൊന്നു. യു പി യിലെ ബാഗ്പത്തിലാണ് സംഭവം. ബാഗ്പത്തിലെ ദമ്പതികളായ പ്രിന്‍സിന്റെയും കോമളിന്റെയും മകന്‍ കേശവ്കുമാര്‍ എന്ന കുഞ്ഞാണ് കുരങ്ങുകളുടെ കൊടും ക്രൂരതയ്ക്ക് ഇരയായത്. മുത്തശ്ശിക്കൊപ്പമാണ് ടെറസിനോട് ചേര്‍ന്നുള്ള റൂമില്‍ രാത്രി കുഞ്ഞ് ഉറങ്ങിക്കിടന്നത്. മുറിയുടെ വാതില്‍ അടച്ചിരുന്നില്ല. ഇതിലൂടെയാണ് കുരങ്ങന്‍മാര്‍ അകത്ത് പ്രവേശിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയെ കുരങ്ങന്‍മാര്‍ തട്ടിയെടുത്ത വിവരം മുത്തശ്ശി അറിഞ്ഞിരുന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിന്റെ മൃതശരീരം വാട്ടര്‍ ടാങ്കില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

മുന്‍പും കുരങ്ങന്‍മാര്‍ തങ്ങളുടെ മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നെന്ന് ഇവര്‍ പറയുന്നു. ഇതു കണ്ട് ഓടിവന്ന ബന്ധുക്കളാണ് അന്നു കുട്ടിയെ രക്ഷിച്ചത്. ഇരുട്ടിന്റെ മറപറ്റി വീണ്ടും മകനെ അന്വേഷിച്ചു കുരങ്ങന്‍മാര്‍ വരുമെന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു കോമള്‍ പറയുന്നു. പോലീസ് സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചു. കുരങ്ങന്‍മാര്‍ കുട്ടിയുമായി ഒരു ടെറസില്‍ നിന്നു മറ്റൊന്നിലേക്കു ചാടുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ക്ക് കിട്ടി. കൈക്കുഞ്ഞിന്റെ മരണം ബാഗ്പത്തിലെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. പ്രദേശത്ത് പല തവണയായി കുരങ്ങന്‍മാരുടെ ശല്യം കലശലാണെന്ന് ഇവര്‍ പറയുന്നു. ഇക്കാര്യം നേരത്തെ തന്നെ തദ്ദേശ ഭരണകൂടങ്ങളോട് പരാതിപ്പെട്ടിരുന്നെന്നും ആളുകള്‍ പറയുന്നു.

