ആത്മവിശ്വാസവും ശാരീരികമായ കരുത്തുംകൊണ്ട് പെണ്‍കുട്ടികള്‍ പ്രതിസന്ധികളെ തരണം ചെയ്യണം; അഡ്വ. പി സതീദേവി

കോഴിക്കോട്: ആത്മവിശ്വാസവും ശാരീരികമായ കരുത്തും കൊണ്ട് പെണ്‍കുട്ടികള്‍ക്ക് പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയണമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അദ്ധ്യക്ഷ അഡ്വ. പി സതീദേവി. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ജില്ലയിലെ 7 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന സ്വയം പ്രതിരോധ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

സ്വയം നിര്‍ണയിക്കാനും പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാനും കരുത്ത് കാട്ടുന്നതില്‍ പെണ്‍കുട്ടികള്‍ പരാജയ പ്പെടുന്നതാണ് സമീപകാലത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണം. ലിംഗപരമായ സമത്വത്തിലേക്ക് സ്ത്രീകള്‍ എത്തിച്ചേരണം. കോഴിക്കോട് ഈ അടുത്ത കാലത്ത് പെണ്‍കുട്ടികളോട് ശാരീരിക അതിക്രമത്തിന് മുതിര്‍ന്ന സാമൂഹ്യ വിരുദ്ധനെ ആ പെണ്‍കുട്ടികളിലൊരാള്‍ കായികമായി നേരിടുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നു വരുന്ന നാടാണിത്. അന്ന് ആ കുട്ടിയെ വീട്ടില്‍ പോയി അഭിനന്ദിച്ചിരുന്നു.

അതിക്രമങ്ങളെ നേരിടാന്‍ ഓരോ പെണ്‍കുട്ടിയും ഇത്തരത്തില്‍ കരുത്ത് കാണിക്കണം. മാനസികമായി കൂടി ബലം നേടാന്‍ കായിക അഭ്യാസങ്ങളും ആയോധനകലകളും സഹായകമാകും. മറ്റൊരു വീട്ടില്‍ പോയി ജീവിക്കേണ്ടതാണ് എന്ന സന്ദേശം നല്‍കി വളര്‍ത്തുന്നതിനു പകരം ആത്മാഭിമാനത്തോടെ വളരാന്‍ രക്ഷിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് അവസരമൊരുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് കരാട്ടേ, കളരി, കുങ്ഫൂ, നീന്തല്‍, എയറോബിക്‌സ് ഇനങ്ങളിലാണ് പരിശീലനം നല്‍കുന്നത്. കുട്ടികളില്‍ ആത്മവിശ്വാസവും സ്വയം പ്രതിരോധത്തിനുള്ള കഴിവും വര്‍ദ്ധിപ്പിക്കുക എന്നതാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങില്‍ സമഗ്ര ശിക്ഷാ കേരള കോഴിക്കോട് ജില്ലാ പ്രോജക്റ്റ് കോഡിനേറ്റര്‍ ഡോ. എ കെ അബ്ദുള്‍ ഹക്കിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി പ്രവീണ്‍ കുമാര്‍, നടക്കാവ് ജി വ ിഎച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ കെ ബാബു, ഹെഡ് മാസ്റ്റര്‍ എം ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പള്‍മാര്‍, ഹൈസ്‌ക്കൂള്‍ പ്രധാനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
