നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്റെ അപേക്ഷ പ്രകാരം എറണാകുളം ജെ എഫ് സി എം രണ്ടാം കോടതിയാണ് രഹസ്യമൊഴിയെടുക്കുക. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ നടനും ബന്ധുക്കളും നിര്‍ബന്ധിച്ചുവെന്നുമായിരുന്നു ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയിരിക്കുന്ന മൊഴി.

ഇതുമായി ബന്ധപ്പെട്ട ശബ്ദ രേഖകളും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. അതേ സമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറില്‍ നിന്ന് മൊഴിയെടുത്തിരുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ സാക്ഷികള്‍ ദിലീപിനെതിരെ രംഗത്ത് വരുമെന്നും ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

