Naattuvaartha

News Portal Breaking News kerala, kozhikkode,

സമുദ്ര മലിനീകരണത്തിനെതിരെ സന്ദേശമുയര്‍ത്തി ജില്ലാ ഭരണകൂടം

കോഴിക്കോട്: സമുദ്ര മലിനീകരണത്തിനെതിരെ സന്ദേശമുയര്‍ത്തി കോഴിക്കോട് ബീച്ചില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്തൂപം സ്ഥാപിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ഗ്രീന്‍ വേംസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ബീച്ചില്‍നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ കൊണ്ട് 2022 ആകൃതിയിലുള്ള സ്തൂപം സ്ഥാപിച്ചത്. സ്തൂപം ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അനാച്ഛാദനം ചെയ്തു.

ഓരോ ദിവസവും 8 ദശ ലക്ഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ എത്തിച്ചേരുന്നുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ ആവാസവ്യവസ്ഥയെ താറുമാറാക്കുന്ന മാലിന്യങ്ങളില്‍ നിന്നും കടലിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഈ പുതുവര്‍ഷത്തില്‍ പഴയ ശീലങ്ങള്‍ വെടിയാം, നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വമാകട്ടെ എന്ന ആശയം മുന്‍നിര്‍ത്തിയാണ് പരിപാടി. അതിന്റെ ഭാഗമായാണ് 2022 സ്തൂപവും സന്ദേശ ബോര്‍ഡും സ്ഥാപിച്ചത്.

കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ്, ഗ്രീന്‍ വേംസ് സി.ഇ.ഒ. ജാബിര്‍ കാരാട്ട്, ഗ്രീന്‍ വേംസ് വളന്റിയര്‍മാര്‍, കലക്ടറേറ്റ് ജീവനക്കാര്‍, ജെ ഡി ടി. പോളിടെക്‌നിക് കോളേജ് എന്‍ എസ് എസ് വളന്റിയര്‍മാര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കി. ശേഖരിച്ച മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകള്‍, ബോട്ടിലുകള്‍, പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, അലൂമിനിയം കണ്ടെയിനറുകള്‍, പേപ്പര്‍ കപ്പുകള്‍, ചെരുപ്പ്, തെര്‍മോക്കോള്‍, തുണി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഇനങ്ങളായി തിരിച്ച് സംസ്‌കരണ ശാലയ്ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!