നടിയെ ആക്രമിച്ച കേസില്‍ ആത്മഹത്യ ശ്രമമല്ല ഉറക്ക ഗുളിക കൂടുതല്‍ കഴിച്ചതാണെന്ന് യുവനടി

കൊച്ചി: ഉറക്കഗുളിക കഴിച്ചതാണെന്നും ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവ നടിയുടെ മൊഴി. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നിലവില്‍ ഇവര്‍ അപകടനില തരണം ചെയ്തതായാണ് വിവരം. കേസില്‍ സാക്ഷിയായിരുന്ന നടിയുടെ ആത്മഹത്യശ്രമത്തിന് ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുമയി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞതായി റിപ്പോര്‍ട്ട് വന്നിരുന്നു. പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യശ്രമത്തിന് കാരണമെന്നായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ സിനിമ താരങ്ങളുടെ മൊഴി മാറ്റത്തിന്റെ കാരണം അന്വേഷിക്കാന്‍ പൊലീസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നിരുന്നത്. ഇവരുടെ കൂറു മാറ്റത്തിന്റെ സാമ്പത്തിക ശ്രോതസ് പൊലീസ് അന്വേഷിക്കും.

