പഞ്ചായത്ത് റോഡ് വനം വകുപ്പ് അടച്ചതില്‍ പരാതിയുമായി കര്‍ഷകര്‍


തിരുവമ്പാടി: മുത്തപ്പന്‍പുഴ മറിപ്പുഴചേര്‍ക്കാപ്പുഴ പഞ്ചായത്ത് റോഡ് വനം വകുപ്പ് അടച്ചതായി പരാതി. 2005ല്‍ തിരുവമ്പാടി പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററില്‍ ഉള്ള റോഡാണ് വനം വകുപ്പ് അടച്ചു പൂട്ടിയത്. അനധികൃതമായി വനത്തില്‍ പ്രവേശിക്കുന്നത് ശിക്ഷാര്‍ഹമാണ് എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. അടച്ച റോഡിന്റെ മുകളിലായി 15 പേരുടെ കൃഷിസ്ഥലങ്ങളുണ്ട്. 1960ന് മുന്‍പ് കൂപ്പ് റോഡ് ഉള്ള പ്രദേശമായിരുന്നു ഇത്. 1976ല്‍ ഈ പ്രദേശത്തുള്ളവര്‍ക്ക് പട്ടയം ലഭിച്ചു. വനം വകുപ്പ് ഈ പ്രദേശം വനഭൂമി ആണെന്ന വാദം ഉന്നയിക്കുകയും 2018ല്‍ ഇവിടെ ഉണ്ടായിരുന്ന ഒരു സ്വകാര്യ റിസോര്‍ട്ടും ഒരു വീടും വനം വകുപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇതിനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്.

കര്‍ഷകരുടെ കൈവശമുള്ള കൃഷിഭൂമിയില്‍ പ്രവേശിക്കാന്‍ പറ്റാത്തവിധം റോഡ് അടച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. കൃഷി ചെയ്യാനും വിളവ് എടുക്കാനും പ്രയാസം ഉണ്ടെന്നും കര്‍ഷകര്‍ പറയുന്നു. ഇതിലുള്ള ചില കൃഷിസ്ഥലങ്ങള്‍ വനം വകുപ്പ് ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകര്‍ സ്റ്റേ വാങ്ങിയിട്ടുണ്ട്. പഞ്ചായത്തിന്റെ ആസ്തിയില്‍ ഉള്ള റോഡ് പഞ്ചായത്തിനെ അറിയിക്കാതെ വനം വകുപ്പ് അടച്ചുപൂട്ടിയത് അനധികൃതമാണെന്നും ഇതിനു പരിഹാരം ഉണ്ടാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ഏറ്റെടുത്ത പ്രദേശത്തെ റോഡാണ് അടച്ചു പൂട്ടിയതെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ പ്രദേശത്തേക്ക് ജനങ്ങള്‍ അനധികൃതമായി കടക്കാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. സ്ഥലം ഏറ്റെടുത്താല്‍ റോഡും വനം വകുപ്പിന്റേതാകും എന്നാണ് നിലപാട്.


