അടിമാലി സെലീന കൊലക്കേസില്‍ വിചാരണ ആരംഭിച്ചു

ഇടുക്കി: അടിമാലി സെലീന കൊലക്കേസില്‍ വിചാരണ തുടങ്ങി. സെലീന(41) എന്ന വീട്ടമ്മയെ കുത്തിക്കൊന്ന ശേഷം മാറിടം മുറിച്ചു മാറ്റിയ കേസിലാണ് തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി പി എസ് ശശികുമാറിന്റെ ബെഞ്ചില്‍ വിചാരണ ആരംഭിക്കുന്നത്. തൊടുപുഴ വണ്ടമറ്റം പടിക്കുഴിയില്‍ ഗിരോഷ്(36) ആണ് പ്രതി. ഗിരോഷും സെലീനയുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

2017 ഒക്ടോബര്‍ പത്തിനാണ് കേസിന് ആസ്പദമായ സംഭവം. സെലീനയുടെ വീട്ടിലെത്തിയ പ്രതി തരാനുള്ള പണം തിരികെ ചോദിക്കുകയും തര്‍ക്കത്തിനൊടുവില്‍ കുത്തികൊല്ലുകയുമായിരുന്നു. സെലീനയുടെ മരണം ഉറപ്പാക്കിയശേഷം പ്രതി, വീട്ടമ്മയുടെ മാറിടം മുറിച്ചെടുത്ത് സഞ്ചിയിലാക്കി അവിടെ നിന്ന് രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കടയിലെ സി സി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് വീട്ടിലെത്തിയത് ഗിരോഷ് ആണെന്ന് പൊലീസ് കണ്ടെത്തിയത്.

ഗിരോഷിന് സെലീനയില്‍ വൈരാഗ്യമുണ്ടാകാന്‍ നിരവധി കാരണങ്ങളുണ്ടെന്ന് കേസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അടിമാലിയില്‍ ഓര്‍ക്കിഡ് കോപ്പി റാന്റം സിസ്റ്റം എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഗിരോഷ്. ഈ കടയില്‍ ജോലിക്കുനിന്ന് യുവതിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. അതിനിടെയാണ് അഭിഭാഷകയും ഫാമിലി കൌണ്‍സിലറുമാണെന്ന് പരിചയപ്പെടുത്തി സെലീന രംഗപ്രവേശം ചെയ്യുന്നത്. കടയില്‍ നില്‍ക്കുന്ന യുവതി ഗര്‍ഭിണിയാണെന്നും പൊലീസില്‍ കേസ് നല്‍കാതിരിക്കാന്‍ ആ യുവതിയെ വിവാഹം കഴിക്കണമെന്നും സെലീന, ഗിരോഷിനോട് ആവശ്യപ്പെട്ടു. സമ്മര്‍ദ്ദത്തിനൊടുവില്‍ ഗിരോഷ് വിവാഹത്തിന് വഴങ്ങി. ഇതുകൂടാതെ ഗിരോഷിനെ ഭീഷണിപ്പെടുത്തി പലതവണയായി സെലീന 1,08000 രൂപ വാങ്ങിയെടുക്കുകയും ചെയ്തു.
അതിനുശേഷം പണം തിരികെ നല്‍കാതെ വന്നതോടെ, സെലീനയുടെയും ഭര്‍ത്താവിന്റെയും പേരിലുള്ള പഴയ കാര്‍ ഗിരോഷിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കി. എന്നാല്‍ തുടര്‍ന്ന് ഗിരോഷിന്റെ അമ്മയെയും സുഹൃത്തിനെയും ജാമ്യം നിര്‍ത്തി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് സെലീന രണ്ടു ലക്ഷം രൂപ വായ്പ എടുത്തു. ഇത് തിരിച്ചടക്കേണ്ട തീയതി കഴിഞ്ഞിട്ടും പണം അടക്കാന്‍ സെലീന തയ്യാറായില്ല. തുടര്‍ന്ന് കാര്‍ ജപ്തി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ധനകാര്യസ്ഥാപനം ആരംഭിച്ചു. ഇതോടെയാണ് സെലീനയെ വകവരുത്താന്‍ ഗിരോഷ് തീരുമാനിച്ചത്. ഇതുപ്രകാരമാണ് 2017 ഒക്ടോബര്‍ പത്തിന് പകല്‍ ഗിരോഷ് സെലീനയെ ക്രൂരമായി കൊലപ്പെടുത്തിയത്.
മീന്‍കച്ചവടക്കാരനായ സെലീനയുടെ ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സെലീനയെ കൊന്ന ശേഷം വീട്ടിലെത്തിയ ഗിരോഷിനെ വൈകാതെ തന്നെ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പെട്ടെന്ന് തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെ പിന്‍ബലത്തിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. അടിമാലി സി ഐ പി.കെ സാബുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. സെലീന കൊലക്കേസില്‍ 59 സാക്ഷികളുണ്ട്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി സുനില്‍ദത്താണ് ഹാജരായത്.
